സ്വന്തം ലേഖകന്‍:’മോദി എന്നെക്കാള്‍ വലിയ നടന്,’ മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തിനെതിരെ ആഞ്ഞടിച്ച് നടന് പ്രകാശ് രാജ്, ദേശീയ പുരസ്കാരങ്ങള്‍ തിരിച്ചു നല്‍കുമെന്ന് പറഞ്ഞിട്ടില്ലെന്ന് തിരുത്ത്. ഡിവൈഎഫ്ഐയുടെ പതിനൊന്നാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദി തന്നേക്കാള്‍ വലിയ നടനാണെന്ന് തുറന്നടിച്ച പ്രകാശ് രാജ് ഗൗരിയുടെ കൊലപാതകം സമൂഹ മാധ്യമങ്ങളില്‍ ആഘോഷിച്ച തീവ്ര വലതുപക്ഷക്കാരെയും സംഘ്!പരിവാര്‍ പ്രവര്‍ത്തകരെയും രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. തനിക്ക് ലഭിച്ച ദേശീയ അവാര്‍ഡ് പ്രതിഷേധസൂചകമായി തിരിച്ചു നല്‍കുമെന്നും പ്രകാശ് രാജ് വ്യക്തമാക്കി.
‘ഗൗരിയുടെ കൊലപാതകികളെ പിടികൂടുകയോ പിടികൂടാതിരിക്കുകയോ ചെയ്തേക്കാം. പക്ഷേ അവരുടെ കൊല ആഘോഷമാക്കുന്നതാണ് ഭീതിപ്പെടുന്ന ഒരു കാര്യം. ഗൗരിയുടെ ഘാതകന്മാരെ നമുക്ക് കാണാന്‍ കഴിഞ്ഞേക്കില്ല. പക്ഷേ അവരുടെ ആഹ്ലാദപ്രകടനങ്ങള്‍ നമുക്ക് കാണാന്‍ കഴിയും. അവര്‍ ആരാണെന്നും അവര്‍ പിന്തുടരുന്ന ആശയമെന്താണെന്നും നമുക്ക് വ്യക്തമായി അറിയാം.
അവരില്‍ പലരേയും മോദി ട്വിറ്ററില്‍ ഫോളോ ചെയ്യുന്നുണ്ട്. കണ്ണടച്ച് ഇരുട്ടാക്കുന്ന ഒരു പ്രധാനമന്ത്രിയാണ് നമുക്കുള്ളത്. നമ്മുടെ നാട് എങ്ങോട്ടാണ് പോകുന്നത്. തന്നെ ഇത് ഭീതിപ്പെടുത്തുന്നുണ്ട്. സര്‍ക്കാരില്‍ നിന്നും താന്‍ സ്വീകരിച്ച ദേശീയ അവാര്‍ഡുകള്‍ ഇനിയും സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നില്ല. നിങ്ങള്‍ തന്നെ ഈ അവാര്‍ഡുകള്‍ സൂക്ഷിച്ചുവെച്ചോളൂ. എനിക്ക് നിങ്ങളുടെ അവാര്‍ഡുകള്‍ വേണ്ട,’ നല്ല ദിനങ്ങള്‍ വരുമെന്ന് ഇനിയും എന്നോട് പറയരുതെന്നും അദ്ദേഹം പറഞ്ഞു.
‘ഞാനൊരു അഭിനേതാവാണ്. നിങ്ങള്‍ (മോദി) അഭിനയിക്കുകയാണോ അല്ലയോയെന്ന് എനിക്ക് മനസിലാകും. എന്താണ് യാഥാര്‍ഥ്യം എന്നും എന്താണ് അഭിനയമെന്നും എനിക്ക് അറിയാം. നിങ്ങള്‍ (മോദി) എന്നേക്കാള്‍ നല്ല നടനാണ്. എന്താണോ ഏറ്റവും ഭയാനകം, അതാണ് ഇനിയും സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഗൗരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന ഏതു തരം പ്രതിഷേധങ്ങളിലും താന്‍ ഭാഗമാകും.
എന്നാല്‍ നിലവില്‍ ഇത്തരം വിഷയങ്ങള്‍ ഏറ്റെടുത്ത് രാജ്യത്തിന്റെ ശ്രദ്ധയാകര്‍ഷിക്കാന്‍ തക്ക കഴിവുള്ള നേതാക്കളാരും നമുക്കില്ല,’ ഇത്തരം വിഷയങ്ങളില്‍ മുന്നില്‍ നിന്ന് നയിക്കാന്‍ കഴിവുള്ള നേതാക്കളെയാണ് നമുക്ക് ആവശ്യമെന്നും പ്രകാശ് രാജ് പറഞ്ഞു. കൊല്ലപ്പെട്ട ഗൗരിയുമായും അവരുടെ കുടുംബവുമായി വര്‍ഷങ്ങളുടെ സൗഹൃദമുള്ള പ്രകാശ് രാജ് അവരുടെ ശവസംസ്കാര ചടങ്ങുകളിലും പങ്കെടുത്തിരുന്നു.
എന്നാല്‍ ദേശീയ പുരസ്കാരങ്ങള്‍ തിരിച്ചു നല്‍കുമെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകള്‍ വിവാദമായതോടെ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന തിരുത്തുമായി പ്രകാശ് രാജ് രംഗത്തെത്തി. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് അദ്ദേഹം തിരുത്തുമായെത്തിയത്. ‘അവാര്‍ഡുകള്‍ തിരിച്ചു നല്‍കുമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. അത് തന്റെ കഴിവിനു ലഭിച്ച ബഹുമതിയാണ്, അതിനെ അംഗീകരിക്കുന്നു. ഗൗരി ലങ്കേഷിന്റെ ആ മരണത്തെ ‘ആഘോഷ’മാക്കിയവര്‍ക്കുള്ള മറുപടിയാണ് പ്രസംഗത്തിലൂടെ നല്‍കിയത്,’ പ്രകാശ് രാജ് വ്യക്തമാക്കി. തന്റെ പരാമര്‍ശങ്ങളെപ്പറ്റി വെറുതെ കോലാഹലങ്ങളുണ്ടാക്കി ചര്‍ച്ച തുടരുന്നതില്‍ താത്പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല