സ്വന്തം ലേഖകന്‍: ജയലളിതയുടെ മരണത്തില്‍ ദുരൂഹത, നരേന്ദ്ര മോഡി വാ തുറക്കണമെന്ന് നടി ഗൗതമി. ജയലളിതയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് താന്‍ നല്‍കിയ കത്തിനോട് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രതികരിച്ചില്ലെന്ന് ഗൗതമി വ്യക്തമാക്കി. തന്റെ കത്തിനോട് മോഡി മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് ഗൗതമി ചോദിച്ചു. തന്റെ പുതിയ ബ്ലോഗ് പോസ്റ്റിലാണ് ഗൗതമി, പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നത്.
പ്രതിഷേധവുമായി ജനം തെരുവിലിറങ്ങിയാല്‍ മാത്രമേ താന്‍ ഉന്നയിച്ച വിഷയത്തോട് പ്രധാനമന്ത്രി പ്രതികരിക്കാന്‍ തയ്യാറാകുകയുള്ളോയെന്ന് ഗൗതമി ചോദിച്ചു. പ്രധാനമന്ത്രിക്കുള്ള തുറന്ന കത്തില്‍ താന്‍ ഉന്നയിച്ച വിഷയങ്ങള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടില്ല എന്നത് ഖേദകരമാണ്. മോഡിയിലും കേന്ദ്രസര്‍ക്കാരിലും വിശ്വാസമുണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് അദ്ദേഹം മൗനം പാലിക്കുന്നതെന്നറിയില്ലെന്നും ഗൗതമി എഴുതുന്നു.
ഈ രാജ്യത്തെ പൗരന്‍മാരെന്ന നിലയില്‍ ജയലളിതയുടെ ദുരൂഹ മരണത്തില്‍ ഉത്തരം ലഭിക്കേണ്ടതുണ്ട്. ഇത് ഒരു സര്‍ക്കാരിന് ജനങ്ങളോടുള്ള ഉത്തരവാദിത്തമാണെന്നും ഗൗതമി കൂട്ടിച്ചേര്‍ത്തു. ജെല്ലിക്കെട്ട് സമരത്തെപ്പോലെ അമ്മയുടെ മരണ കാരണം അറിയാനും തങ്ങള്‍ തെരുവിലിറങ്ങണോ എന്ന് മോദിയോട് ഗൗതമി ചോദിക്കുന്നു.
ജയലളിത ആശുപത്രിയിലായിരുന്നപ്പോള്‍ നിരവധിപ്പേര്‍ അവരെ കണ്ടിരുന്നു. എന്നാല്‍ അവരുടെ ആരോഗ്യ സ്ഥിതി ആര്‍ക്കും അറിഞ്ഞില്ല. ജയലളിതയുടെ മരണശേഷം കര്‍ഷകര്‍ ദുരിതത്തിലാണ്. സംസ്‌കാരത്തിന്റെ ഭാഗമായ ജെല്ലിക്കെട്ടിന് വേണ്ടി വരെ ഇവിടെ സമരം ചെയ്യേണ്ടി വന്നു. ദുരൂഹസാഹചര്യത്തില്‍ മരിച്ച മുഖ്യമന്ത്രിയുടെ മരണകാരണം മറവില്ലാതെ പുറത്തുകൊണ്ടുവരേണ്ടത് ആവശ്യമല്ലേ? ഇതിനായും ഞങ്ങള്‍ തെരുവില്‍ സമരം ചെയ്യണോ? എന്നാണ് ഗൗതമിയുടെ ചോദ്യം.
ബ്ലോഗ് വാര്‍ത്തയായതിനു പിന്നാലെ കഴിഞ്ഞ ദിവസം ചെന്നൈയിലെ ഒരു റേഡിയോയ്ക്കു നല്‍കിയ അഭിമുഖത്തിനിടെ ആര്‍ജെയോട് പൊട്ടിത്തെറിച്ച് ഗൗതമി ഇറങ്ങിപ്പോയതും വിവാദമായി. ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ട് എന്നും അതില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു പ്രധാനമന്ത്രിക്കു കത്തെഴുതിയത് പബ്ലിസിറ്റിക്കു വേണ്ടിയല്ലെ എന്ന അവതാരകന്റെ ചോദ്യമാണ് ഗൗതമിയെ പ്രകോകിപ്പിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല