സ്വന്തം ലേഖകൻ: ഒക്ടോബർ 7നു ഹമാസ് 240 പേരെ ബന്ദികളാക്കിയതിനു പിന്നാലെ, ഖത്തർ യുഎസിനോട് ഒരു അഭ്യർഥന നടത്തി– ബന്ദികളുടെ മോചനത്തിനു സഹായിക്കാൻ ഉപദേഷ്ടാക്കളുടെ ഒരു ചെറുസംഘത്തിന് രൂപം നൽകുക. യുഎസ് ഈ അഭ്യർഥന അംഗീകരിച്ചു. ഈജിപ്തിന്റെയും യുഎസിന്റെയും സഹകരണത്തോടെ തുടർന്നു നടത്തിയ രഹസ്യശ്രമങ്ങളാണു വെടിനിർത്തൽ കരാറിലെത്തിയതെന്നു റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ, സുരക്ഷാ കൗൺസിലിലെ 2 ഉന്നത ഉദ്യോഗസ്ഥരുടെ സെൽ ആണ് ഇതിനായി രൂപീകരിച്ചത്. ഈ ചർച്ചകൾ അതീവരഹസ്യമായിരിക്കണമെന്നു ഖത്തറും ഇസ്രയേലും ആവശ്യപ്പെട്ടതിനാൽ വിവരം യുഎസ് സുരക്ഷാ ഏജൻസിയിലെ മറ്റ് ഉദ്യോഗസ്ഥരെ അറിയിച്ചതുമില്ല.
കഴിഞ്ഞ ആഴ്ചകളിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽത്താനി, ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ എന്നിവർ തമ്മിൽ ഒട്ടേറെത്തവണ സംഭാഷണം നടത്തി.
താൽക്കാലിക വെടിനിർത്തൽ സ്ഥിരമായ സമാധാനത്തിലേക്കു പാത തുറക്കുമെന്നാണു ഖത്തർ നേതൃത്വം പ്രതീക്ഷിക്കുന്നത്. എന്നാൽ, പലസ്തീൻ തടവുകാരെ വിട്ടയയ്ക്കുന്നതിലും യുദ്ധം നിർത്തുന്നതിലും ഇസ്രയേലിലെ തീവ്രവലതുപക്ഷ സർക്കാരിലെ ഒരുവിഭാഗത്തിന് എതിർപ്പുണ്ട്. ബന്ദികളുടെ മോചനമാണു നിലവിലെ ലക്ഷ്യമെന്നും യുദ്ധം അവസാനിച്ചിട്ടില്ലെന്നും നെതന്യാഹു വ്യക്തമാക്കുകയും ചെയ്തു.
അതിനിടെ, പലസ്തീൻ പ്രശ്നം ചർച്ച ചെയ്യാൻ റഷ്യ, ചൈന എന്നിവിടങ്ങളിലെ സന്ദർശനത്തിനുശേഷം അറബ് രാജ്യങ്ങളുടെ വിദേശമന്ത്രിമാർ ഇന്ത്യയിലുമെത്തും. സൗദി അറേബ്യ, ജോർദാൻ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരാണ് അടുത്ത ദിവസം ഡൽഹിയിലെത്തുക. പലസ്തീൻ അതോറിറ്റി വിദേശമന്ത്രി റിയാസ് അൽ മാലിക്കിയും സംഘത്തിലുണ്ട്.
പലസ്തീന്‍ ആക്രമണത്തിന്റെ പേരില്‍ സ്വന്തം നാട്ടില്‍ പോലും പ്രതിച്ഛായ ഇടിഞ്ഞു നിന്നിരുന്ന ബൈഡന് ബന്ദികളെ മോചിപ്പിക്കാന്‍ സാധിച്ചാല്‍ അത് നഷ്ടപ്പെട്ട ജനപ്രീതി തിരിച്ചു പിടിക്കാനുള്ള അവസരം കൂടിയാകും എന്നാണ് അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ കരുതുന്നത്. കരാറിന് മുമ്പുള്ള ആഴ്ചകളില്‍ ഖത്തര്‍ അമീറുമായും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായും നിരവധി അടിയന്തര സംഭാഷണങ്ങള്‍ നടത്തിയ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ വ്യക്തിപരമായ നയതന്ത്ര ഇടപെടലുകളാണ് കരാറിലേക്ക് നയിച്ചതെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല