1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 28, 2023

സ്വന്തം ലേഖകൻ: ഇസ്രയേല്‍- ഹമാസ് സംഘര്‍ഷം അയവില്ലാതെ തുടരുന്നതിനിടയില്‍ ഉടനടി വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്ന യുഎൻ പ്രമേയത്തില്‍നിന്ന് വിട്ടുനിന്ന്‌ ഇന്ത്യ. ബംഗ്ലദേശ്, പാകിസ്താന്‍, റഷ്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ 40 രാഷ്ട്രങ്ങളുടെ പിന്തുണയോടെ ജോര്‍ദാന്‍ സമര്‍പ്പിച്ച കരട് പ്രമേയത്തില്‍ 120 രാജ്യങ്ങള്‍ അനുകൂലമായി വോട്ട് ചെയ്തു. 14 അംഗങ്ങളാണ് എതിര്‍ത്ത് വോട്ട് ചെയ്തത്.

ഇന്ത്യയുള്‍പ്പടെയുള്ള 45 രാജ്യങ്ങളാണ് വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നത്. ഇന്ത്യയെ കൂടാതെ ഓസ്‌ട്രേലിയ, കാനഡ, ജര്‍മനി. ജപ്പാന്‍, യുക്രൈന്‍, യുകെ തുടങ്ങിയ രാജ്യങ്ങളും വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു. യുഎൻ. ജനറല്‍ അസംബ്ലിയുടെ പത്താമത് അടിയന്തര പ്രത്യേക സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് ഗാസയിലേക്കുള്ള പ്രവേശനം നിഷേധിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഗാസയ്ക്ക് ആവശ്യമായ മാനുഷികസഹായമെത്തിക്കണമെന്നും പ്രമേയം ആഹ്വാനം ചെയ്യുന്നു.

എന്നാല്‍ ഹമാസ് നടത്തിയ അക്രമങ്ങളെ കുറിച്ചും ബന്ദികളാക്കപ്പെട്ട നിരവധി സാധാരണക്കാരെ കുറിച്ചും പ്രമേയത്തില്‍ സൂചന പോലുമില്ലെന്നും അതിനാലാണ് വിട്ടു നില്‍ക്കുന്നതെന്നുമാണ് ഇന്ത്യയുള്‍പ്പടെയുള്ളവരുടെ വിശദീകരണം. പ്രമേയത്തില്‍ ഹമാസ് ആക്രമണത്തെ ഒഴിവാക്കിയതിനെ യുഎസും അപലപിച്ചു.

ഹമാസ് ഒക്ടോബര്‍ 7 മുതല്‍ ഇസ്രയേലില്‍ നടത്തിയ ആക്രമണങ്ങളെ ബന്ദികളാക്കപ്പെട്ടവരെ പറ്റിയും ഒരു ഖണ്ഡിക കൂടി ഉള്‍പ്പെടുത്തണമെന്ന ഭേദഗതി പ്രമേയത്തില്‍ വരുത്തണമെന്ന നിര്‍ദ്ദേശം കാനഡ മുന്നോട്ട് വെച്ചു. യുഎസ് ഇതിനെ പിന്തുണയ്ക്കുകയും ചെയ്തു. ഇന്ത്യയുള്‍പ്പടെ 87 രാജ്യങ്ങള്‍ ഇതിനെ പിന്താങ്ങി വോട്ട് ചെയ്തു. 55 രാജ്യങ്ങളാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. 23 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു. വോട്ടെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടാനാവത്തതിനാല്‍ കരട് ഭേദഗതി തള്ളിപ്പോയി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.