സ്വന്തം ലേഖകൻ: ഹമാസുമായുള്ള താത്കാലിക വെടിനിര്‍ത്തല്‍ കരാറിന് ഇസ്രയേല്‍ മന്ത്രിസഭയുടെ അംഗീകാരം. കരാര്‍ പ്രകാരം ബന്ദികളുടെ മോചനത്തിനായി നാലുദിവസത്തേക്ക് വെടിനിര്‍ത്തലുണ്ടാവും. ഈ സമയത്തിനുള്ളില്‍ 50 ബന്ദികളെ വിട്ടുകിട്ടുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
പിന്നീട് വരുന്ന ഓരോ പത്ത് ബന്ദികളുടെ മോചനത്തിനും ഓരോദിവസം അധികം വെടിനിര്‍ത്തലുണ്ടാവും. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ള ബന്ദികളെയാണ് മോചിപ്പിക്കുക. മുഴുവന്‍ ബന്ദികളേയും തിരിച്ചെത്തിക്കാനും ഹമാസിനെ പൂര്‍ണ്ണമായും ഇല്ലാതാക്കാനും ഗാസയില്‍നിന്ന് ഇസ്രയേലിന് തുടര്‍ ഭീഷണികളില്ലെന്ന് ഉറപ്പുവരുത്താനുമുള്ള പോരാട്ടം ഇസ്രയേലും സുരക്ഷാസേനകളും തുടരുമെന്നും പ്രസ്താവനയില്‍ പറയുന്നു.
മൂന്നുവയസ്സുള്ള കുട്ടിയടക്കം മൂന്ന് അമേരിക്കന്‍ പൗരന്മാരായ ബന്ദികളെ വിട്ടുകിട്ടുമെന്നാണ് പ്രതീക്ഷയെന്ന് യുഎസ് അറിയിച്ചു. കൂടുതല്‍ ബന്ദിമോചനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് കരാര്‍. തങ്ങള്‍ മോചിപ്പിക്കുന്ന 50 പേര്‍ക്ക് പകരമായി 150 പലസ്തീന്‍ തടവുകാരെ ഇസ്രയേല്‍ വെറുതേവിടുമെന്ന് ഹമാസും അറിയിച്ചു.
കരാര്‍ പ്രകാരം മാനുഷികസഹായങ്ങളും മരുന്നുകളും ഇന്ധനവും ഗാസയിലേക്ക് എത്തുമെന്ന് ഹമാസ് പറയുന്നു. വെടിനിര്‍ത്തല്‍ പ്രാബല്യത്തിലുള്ളപ്പോള്‍ ഗാസയിലുള്ള ഒരാളേയും ഇസ്രയേല്‍ അക്രമിക്കുകയോ അറസ്റ്റ് ചെയ്യുകയോ ഉണ്ടാവില്ല.
വെടിനിര്‍ത്തല്‍ സമയത്ത് തെക്കന്‍ഗാസയില്‍ ഗതാഗതം പൂര്‍ണ്ണമായി നിര്‍ത്തിവെക്കും. വടക്കന്‍ഗാസയില്‍ രാവിലെ പത്തുമുതല്‍ നാലുവരെ ആറുമണിക്കൂര്‍ ഗതാഗതനിയന്ത്രണമുണ്ടാവുമെന്നും ഹമാസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയതിനെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ സ്വാഗതംചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല