സ്വന്തം ലേഖകൻ: ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 9770 ആയി. ഇതില്‍ 4008 ല്‍ അധികം പേര്‍ കുട്ടികളാണ്. പലസ്തീനില്‍ ഇതുവരെ 175 ആരോഗ്യ പ്രവര്‍ത്തകരും 34 സൈനികരും കൊല്ലപ്പെതായി പലസ്തീന്‍ ആരോഗ്യമന്ത്രി മെ അല്‍ കൈല സ്ഥിരീകരിച്ചു. 16 ആശുപത്രികളുടെയും 72 ക്ലിനിക്കുകളില്‍ 51 എണ്ണത്തിന്റെയും പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. ഇന്ധനത്തിന്റെയും മരുന്നുകളുടെയും അഭാവവും രൂക്ഷമാണെന്നും മെ അല്‍ കൈല പറഞ്ഞു.
അതേസമയം ഗാസയെ രണ്ടായി വിഭജിച്ചെന്ന് ഇസ്രയേല്‍ സൈനിക വക്താവ് ഡാനിയേല്‍ ഹഗാരി പറഞ്ഞു. യുദ്ധം നിര്‍ണ്ണായക ഘട്ടത്തിലാണന്നും ഡാനിയേല്‍ ഹഗാരി അറിയിച്ചു. വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ ഉള്‍പ്പെടെ ഗാസയില്‍ വിഛേദിക്കപ്പെട്ടു. ഇസ്രയേലിലെത്തിയ സിഐഎ ഡയറക്ടര്‍ വില്യം ജെ ബേണസ് ഇന്റലിജിന്‍സുമായി ചര്‍ച്ച നടത്തി. ഗാസയിലെ തെക്കന്‍ തീരപ്രദേശ മേഖല വരെ സൈന്യം എത്തിയതായി ഇസ്രയേല്‍ സേന അറിയിച്ചു.
വേണ്ടി വന്നാല്‍ ലബനനെതിരെ യുദ്ധം ചെയ്യാന്‍ തയ്യാറാണെന്നും അതിന് ഒരുങ്ങിയിട്ടുണ്ടെന്നും ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. ലബനനില്‍ ഇസ്രയേല്‍ നടത്തിയ റോക്കറ്റാക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. കാറിന് നേരെ മിസൈല്‍ തൊടുത്തായിരുന്നു ആക്രമണം. ഗാസയിലെ 48 പ്രദേശങ്ങള്‍ തകര്‍ക്കപ്പെട്ടതായി യുഎന്‍ ഏജന്‍സി സ്ഥിരീകരിച്ചു. പശ്ചിമേഷ്യന്‍ സന്ദര്‍ശനം തുടരുന്ന യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ തുര്‍ക്കി വിദേശകാര്യ മന്ത്രി ഹകന്‍ ഫിദാനുമായി ചര്‍ച്ച നടത്തും.
ഹമാസ് ബന്ദികളെ മോചിപ്പിക്കാതെ വെടിനിർത്തൽ ഇല്ലെന്ന പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രഖ്യാപനത്തിനു പിന്നാലെ ഗാസയിൽ ഇസ്രയേൽ ആക്രമണം കടുപ്പിച്ചിരുന്നു. വടക്കൻ ഗാസയിൽ ശക്തമായ ആക്രമണമാണ് നടക്കുന്നത്. ഇസ്രയേൽ സൈന്യം കര, കടൽ, വ്യോമമാർഗം ആക്രമണം ശക്തമാക്കി. ഒട്ടേറെ ഹമാസ് താവളങ്ങൾ തകർത്തതായും അവകാശപ്പെട്ടു. വടക്കൻ ഗാസയിൽ അവശേഷിക്കുന്നവരോട് എത്രയും വേഗം ഒഴിഞ്ഞുപോകാൻ സൈന്യം മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
വെടിനിർത്തൽ വേണമെന്ന നിരന്തര ആവശ്യങ്ങൾക്കിടയിലും, ഗാസയിലെ ഇസ്രയേൽ വ്യോമാക്രമണങ്ങൾ കടുപ്പിക്കുന്നതിനിടെ കൂടുതൽ ആളപായം ഉണ്ടാകുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം രണ്ട് അഭയാർത്ഥി ക്യാമ്പുകൾക്ക് നേരെ ഇസ്രയേൽ സൈന്യം നടത്തിയ മിസൈലാക്രമണങ്ങളിൽ കുട്ടികൾ ഉൾപ്പെടെ നിരവധി സാധാരണക്കാർ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല