സ്വന്തം ലേഖകൻ: ഭീകരരെന്ന് തെറ്റിദ്ധരിച്ച് മൂന്ന് ബന്ദികളെ വെള്ളിയാഴ്ച വധിച്ചുവെന്ന് ഇസ്രേലി സൈന്യത്തിന്റെ വെളിപ്പെടുത്തല്‍. ഷെജയ്യയില്‍ നടന്ന ഏറ്റുമുട്ടലിനിടെ ഭീകരരെന്ന് തെറ്റിദ്ധരിച്ച് മൂന്ന് ഇസ്രയേലി ബന്ദികളെ ഇസ്രയേല്‍ സേന വധിച്ചു. തെറ്റിദ്ധാരണയുടെ പുറത്ത് സേന ഇവര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നവെന്ന് ഇസ്രയേല്‍ സേനയുടെ പ്രസ്താവനയില്‍ പറഞ്ഞു.
സംഭവം നടന്നയുടന്‍ തന്നെ അബദ്ധം തിരിച്ചറിഞ്ഞെന്നും ഇത് സംബന്ധിച്ച വിവരം യുദ്ധരംഗത്തുള്ള എല്ലാ ഐഡിഎഫ് ട്രൂപ്പുകളിലേക്കും കൈമാറിയെന്നും സേനയുടെ പ്രസ്താവനയില്‍ പറയുന്നു. ദുരന്തത്തില്‍ അഗാധമായ പശ്ചാത്താപം രേഖപ്പെടുത്തുന്നെന്നും സേന വ്യക്തമാക്കി.
കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കഫര്‍ അസാ കിബുട്ട്സില്‍ നിന്നുള്ള യോട്ടം ഹെയിം, അലോൺ ഷംറിസ് എന്നിവരും നിര് ആം കിബുട്ട്സില്‍ നിന്നുള്ള സമര് എല്‍-തലാല്ഖയുമാണ് മരിച്ചത്. ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് 250 ബആളുകളെയാണ് ഹമാസ് തീവ്രവാദികള്‍ ബന്ദികളാക്കി തട്ടിക്കൊണ്ടു പോയത്.
1400ല്‍ അധികം ആളുകള്‍ ഹമാസിന്റെ ആക്രമണത്തില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഗാസയില്‍ ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ഇതുവരെ 18,700ല്‍ പരം ആളുകള്‍ കൊല്ലപ്പെട്ടു.
എല്ലാ ബന്ദികളെയും തിരികെയെത്തിക്കുകയാണ് തങ്ങളുടെ ഏറ്റവും പ്രധാന യുദ്ധലക്ഷ്യമെന്ന് ഇസ്രയേല്‍ തുടര്‍ച്ചയായി പറയുന്നുമുണ്ട്. ഈ അവസരത്തിലാണ് ഈ ദാരുണ സംഭവം ഉണ്ടായിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല