സ്വന്തം ലേഖകൻ: ഗാസയിൽ വെടിനിർത്തൽ സാധ്യത തള്ളിക്കളഞ്ഞ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസുമായുള്ള വെടിനിർത്തൽ എന്നാൽ കീഴടങ്ങൽ എന്നാണ് അർഥമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, പലസ്തീൻ പ്രദേശം വീണ്ടും പിടിച്ചെടുക്കാൻ ഇസ്രയേൽ പദ്ധതിയിടുന്നില്ലെന്നും നെതന്യാഹു പറഞ്ഞു.
ഇസ്രയേൽ സൈന്യം അസാധാരണമായ പ്രകടനമാണ് നടത്തുന്നത്. ഗാസയിലെ സൈനിക മുന്നേറ്റത്തിന് ടൈംടേബിൾ ഇല്ലെന്നും എത്ര സമയമെടുത്താലും തങ്ങൾ അത് പൂർത്തിയാക്കുമെന്നും നെതന്യാഹു പറഞ്ഞു.
ഗാസയിൽ ദീർഘകാലം തുടരാൻ ഇസ്രായേലിന് പദ്ധതിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങൾ ഗാസ ഭരിക്കാൻ ശ്രമിക്കുന്നില്ല. ഞങ്ങൾ അത് കൈവശപ്പെടുത്താൻ ശ്രമിക്കുന്നില്ല, പക്ഷേ അതിനും ഞങ്ങൾക്കും നല്ലൊരു ഭാവി നൽകാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ഇസ്രയേൽ ആരെയും സ്ഥാനഭ്രഷ്ടരാക്കാൻ ശ്രമിക്കുന്നില്ലെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.
ഗാസയുടെ ഭാവിയെക്കുറിച്ചുള്ള തന്റെ പദ്ധതികൾ മുന്നോട്ടുവച്ച അദ്ദേഹം, ദരിദ്രവും ഉപരോധിക്കപ്പെട്ടതുമായ പ്രദേശം പുനർനിർമിക്കപ്പെടണമെന്നും പറഞ്ഞു. അവിടെ തങ്ങൾക്ക് ഒരു സിവിലിയൻ സർക്കാരിനെ കണ്ടെത്തേണ്ടതുണ്ടെന്നും നെതന്യാഹു കൂട്ടിച്ചേർത്തു. എന്നാൽ ആരാണ് അത്തരമൊരു സർക്കാർ രൂപീകരിക്കുകയെന്ന് അദ്ദേഹം വിശദീകരിച്ചില്ല.
ഗാസയിൽ വീണ്ടും പ്രവേശിക്കാനും കൊലയാളികളെ വധിക്കാനും ഇസ്രയേൽ സൈന്യം സജ്ജരായിരിക്കണമെന്നും അതാണ് ഹമാസിനെപ്പോലെയുള്ള ഒരു സംഘടനയുടെ പുനരുജ്ജീവനത്തെ തടയുന്നതെന്നും നെതന്യാഹു വ്യക്തമാക്കി.
അതേസമയം, സംഘർഷം അറബ് രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധങ്ങൾ തകർക്കില്ലെന്നും ഹമാസിനെ ഉന്മൂലനം ചെയ്തതിനു ശേഷം ചർച്ചകൾ പുനരാരംഭിക്കുന്നതിനുള്ള സാഹചര്യങ്ങൾ പാകമാകുമെന്നും നെതന്യാഹു ഉറപ്പു പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല