
സ്വന്തം ലേഖകൻ: ഗാസയിൽ ഇസ്രയേൽ ആക്രമണം കടുപ്പിക്കുന്നതായി റിപ്പോർട്ട്. പലസ്തീനിലെ പള്ളിയിലും സ്കൂളിലും ഇസ്രയേൽ നടത്തിയ വ്യാമാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതായി ഹമാസിന്റെ കീഴിൽ പ്രവർത്തിക്കുന്ന ആരോഗ്യമന്ത്രാലയത്തെ ഉദ്ധരിച്ച് ബി.ബി.സി. റിപ്പോർട്ട് ചെയ്യുന്നു. നിരവധി പേർക്ക് ആക്രണത്തിൽ പരിക്കേറ്റതായാണ് വിവരം.
ലെബനനിലെ ഏറ്റവും ഭീകരരാത്രിയെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. 30-ലേറെ വ്യോമാക്രമണങ്ങളാണ് കഴിഞ്ഞ രാത്രിയിൽ ബെയ്റൂതിന് നേരെ ഇസ്രയേൽ നടത്തിയത്. രാത്രിയിൽ വൻ പൊട്ടിത്തെറികളും പുകപടലങ്ങളും പ്രകാശവുമായിരുന്നു ബെയ്റൂതിലെ ആകാശത്തിലെന്ന് റിപ്പോർട്ടിൽ പറയുന്നു. തെക്കേ ലബനനിൽ ഇസ്രയേൽ സൈന്യം അധിനിവേശം നടത്തി 440 ഓളം ഹിസ്ബുള്ള പോരാളികളെ വധിച്ചതിന് പിന്നാലെയാണ് രാത്രിയിൽ അക്രമണം അഴിച്ചു വിട്ടത്.
ദെയ്ർ അൽ ബലായിലെ അൽ അഖ്സ പള്ളിയുടേയും ഇബ്ന് റുഷ്ദ് സ്കൂളിന്റേയും നേർക്ക് ഞായറാഴ്ച പുലർച്ചെയോടെയായിരുന്നു ഇസ്രയേലിന്റെ ആക്രമണമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങളും മൃതദേഹങ്ങൾ പ്രദേശത്ത് നിന്ന് കണ്ടെടുക്കുന്നതിന്റെയും വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇവ ഇസ്രയേലിന്റെ ആക്രണത്തിൽ ഉണ്ടായതെന്ന് ബി.ബി.സി. സ്ഥിരീകരിച്ചു. ഹമാസിനെ നിയന്ത്രിക്കുന്ന കമാൻഡറെ ലക്ഷ്യംവെച്ചായിരുന്നു ആക്രമണമെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു.
ഹമാസിന്റെ ആക്രമണത്തിന് ഒരു വർഷം തികയാൻ ഒരു ദിവസം ശേഷിക്കെയാണ് ഇസ്രയേൽ ആക്രണം കടുപ്പിച്ചിരിക്കുന്നത്. ഹമാസിന്റെ ആക്രണത്തിന്റെ വാർഷികമായ ഒക്ടോബർ 7-ന് ഇസ്രയേൽ ശക്തമായ തിരിച്ചടിച്ചേക്കാം എന്ന് കഴിഞ്ഞ ദിവസം യു.എസ്. വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഞായറാഴ്ച പുലർച്ചെയോടെ പള്ളിയും സ്കൂളും കേന്ദ്രീകരിച്ച് ഇസ്രയേലിന്റെ ആക്രമണം.
അതേസമയം വടക്കേ ഗാസയിൽ താമസിക്കുന്ന പലസ്തീൻ ജനങ്ങളോട് അവിടെ നിന്ന് പലായനം ചെയ്യണമെന്ന് ഉത്തരവിട്ട ഇസ്രയേലിനെതിരേ ഗാസാ ആഭ്യന്തര മന്ത്രാലയം രംഗത്തെത്തി. തെക്കേ ഗാസയിലേക്ക് ജനങ്ങൾ മാറണമെന്ന ഇസ്രയേലിന്റെ അവകാശവാദം തെറ്റാണ്, എല്ലായിടവും അവർ ആക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇസ്രയേലിന്റെ ഭീഷണികളെ തള്ളിക്കളയണമെന്നും ഗാസ ആഭ്യന്തര മന്ത്രാലയം ജനങ്ങളോട് അറിയിച്ചു.
യുദ്ധം ആരംഭിച്ച് ഇതുവരെയായി 41,870 പലസ്തീനികൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഔദ്യോഗിക കണക്കുകൾ പ്രകാരം 97,000 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടിൽ പറയുന്നു. ഒക്ടോബർ 30 മുതൽ സെപ്റ്റംബർ 4 വരെ മാത്രം 187 പേർ കൊല്ലപ്പെട്ടതായി യുഎൻ അധികൃതർ വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല