സ്വന്തം ലേഖകന്‍: ഗാസ പ്രശ്‌നത്തില്‍ ഇസ്രയേലും ഫലസ്തീല്‍ ഗ്രൂപ്പുകളും യുദ്ധക്കുറ്റവാളികളെന്ന് യുഎന്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. അമ്പത് ദിവസം നീണ്ടുനിന്ന ഇസ്രയേല്‍ ആക്രമണം ഗാസയില്‍ സമാനതകളില്ലാത്ത നാശനഷ്ടവും ദുരിതവുമാണ് ഉണ്ടാക്കിയതെന്നും ഇത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
യുദ്ധക്കെടുതികള്‍ക്ക് ഇരയായവര്‍ക്ക് നീതി നല്‍കാനും തെറ്റ് ആവര്‍ത്തിക്കാതിരിക്കാനും ഉത്തരവാദികളെ ശിക്ഷിക്കാന്‍ ഇസ്രയേല്‍ തയ്യാറാകണമെന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. ഇസ്രയേല്‍ സിവിലിയന്‍മാരെ ആക്രമിച്ചതിന് ഫലസ്തീന്‍ ഗ്രൂപ്പുകളെയും റിപ്പോര്‍ട്ട് രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്.
ഇസ്രയേലിനെ സഹായിച്ചെന്ന് സംശയിക്കുന്നവരെ കൊലപ്പെടുത്തിയതിനെയും കമ്മീഷന്‍ അപലപിച്ചു. 2014 ലെ ഗാസ ആക്രമണത്തില്‍ 2139 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇതില്‍ മൂന്നിലൊന്നും കുഞ്ഞുങ്ങളായിരുന്നു. വീടുകളും സ്‌കൂളുകളും വ്യാപകമായി തകര്‍ക്കപ്പെട്ടു. യുഎന്‍ അന്വേഷണ സംഘത്തിന്റെ കണക്ക് പ്രകാരം ആറായിരത്തോളം വ്യോമാക്രമണങ്ങളാണ് അമ്പത് ദിവസത്തിനിടെ ഗാസയില്‍ ഇസ്രയേല്‍ സേന നടത്തിയത്.
ഹമാസ് നടത്തിയ പ്രത്യാക്രമണത്തില്‍ 66 ഇസ്രയേല്‍ സൈനികരും 6 സിവിലിയന്‍മാരും കൊല്ലപ്പെട്ടു. ഫലസ്തീന്റെ ആവശ്യപ്രകാരം ഒരു വര്‍ഷം മുമ്പാണ് മേരി മക്‌ഗൊവാന്‍ ഡേവിസ് അധ്യക്ഷയായ അന്വേഷണ കമ്മീഷന്‍ രൂപീകരിച്ചത്. അതേ സമയം അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇസ്രയേലും ഫലസ്തീന്‍ ഗ്രൂപ്പുകളും തള്ളിക്കളഞ്ഞു. ഇസ്രയേലിലെ സിവിലിയന്‍ കേന്ദ്രങ്ങളെ ആക്രമിച്ചിട്ടില്ലെന്ന് ഹമാസും റിപ്പോര്‍ട്ട് രാഷ്ട്രീയ പ്രേരിതമാണെന്ന് ഇസ്രയേലും പ്രതികരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല