സ്വന്തം ലേഖകൻ: ഗാസയിൽ ഇസ്രയേൽ നടത്തുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് യുഎസ് സൈനികൻ ഇസ്രയേൽ എംബസിക്ക് മുന്നിൽ സ്വയം തീകൊളുത്തി മരിച്ചു. വ്യോമസേനാംഗമായ ആരോൺ ബുഷ്നെൽ (25) ആണ് മരിച്ചത്. പ്രാദേശിക സമയം ഞായറാഴ്ച ഉച്ചയ്ക്ക് വാഷിങ്ടൻ ഡിസിയിലെ ഇസ്രയേൽ എംബസിക്ക് മുന്നിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സമൂഹമാധ്യമങ്ങളിൽ ഇതു തത്സമയം സംപ്രേഷണവും ചെയ്തു.
സൈനിക യൂണിഫോം ധരിച്ച ബുഷ്‌നെൽ, ‘പലസ്തീനെ സ്വതന്ത്രമാക്കൂ’ എന്ന് നിലവിളിച്ചുകൊണ്ടാണ് സ്വയം തീകൊളുത്തിയത്. അപ്പോഴും ഒരു സുരക്ഷാ ഉദ്യോഗഗസ്ഥൻ ബുഷ്‌നെലിനു നേരെ തോക്കുചൂണ്ടി നിൽക്കുകയായിരുന്നു. ഇതു പൊലീസ് ഉദ്യോഗസ്ഥനാണെന്നും എംബസിയിലെ സുരക്ഷാ ഉദ്യോഗസ്ഥനാണെന്നും വാദമുണ്ട്. തീയണച്ച ശേഷം ബുഷ്നെലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ദാരുണമായ സംഭവമാണ് ഉണ്ടായതെന്ന് പെന്റഗൺ പ്രതികരിച്ചു. പ്രതിഷേധത്തെ തുടർന്ന് എംബസി ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. പ്രദേശത്ത് സംശയാസ്പദമായ രീതിയിൽ ഒരു വാഹനം കണ്ടെത്തിയതിനെ തുടർന്ന് ബോംബ് സ്ക്വാഡിനെ ഉൾപ്പെടെ നിയോഗിച്ചിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് വാഷിങ്ടൻ പൊലീസ് അറിയിച്ചു. ആരോൺ ബുഷ്നെലിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും ഏതെങ്കിലും സംഘടനയുമായി ബന്ധമുണ്ടോ എന്നിവയടക്കമുള്ള കാര്യങ്ങളും പരിശോധിക്കുന്നുണ്ട്. ടെക്‌സസിലെ സാൻ അന്റോണിയോ സ്വദേശിയായ ആരോൺ ബുഷ്‌നെൽ സീനിയർ എയർമാൻ പദവി വഹിച്ചിരുന്നു.
കഴിഞ്ഞ വർഷം ഒക്‌ടോബർ ഏഴിന് തുടങ്ങിയ ഇസ്രയേൽ-ഗാസ യുദ്ധം ഇപ്പോഴും തുടരുകയാണ്. വെടിനിർത്തൽ ചർച്ചകൾ പാരിസിൽ പുരോഗമിക്കുന്നതിനിടെ ഗാസയിലെ ഒറ്റപ്പെട്ട ജനവാസ മേഖലകളിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തുന്നുണ്ട്. സംഘർഷത്തിൽ മരിച്ച പലസ്തീൻകാരുടെ എണ്ണം 29,514 ആയി. ഒക്ടോബർ 7ലെ ആക്രമണത്തിൽ ബന്ദികളാക്കിയവരിൽ അവശേഷിക്കുന്ന 100 പേരെ ഉടൻ വിട്ടയച്ചാൽ മാത്രമേ വെടിനിർത്തൽ പരിഗണിക്കൂ എന്ന് ഇസ്രയേൽ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല