സ്വന്തം ലേഖകൻ: ഇസ്രയേൽ മിസൈൽ ആക്രമണവും കരയുദ്ധവും കടുപ്പിച്ചപ്പോൾ ചെങ്കടലിൽ വെല്ലുവിളി ഉയർത്തി യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതികളും മുന്നേറ്റം ശക്തമാക്കി. യുഎസിന്റെയും ഇസ്രയേലിന്റെയും യുദ്ധക്കപ്പലുകൾക്കു നേരെ മിസൈലുകളും ഡ്രോണുകളുമുപയോഗിച്ച് ആക്രമണം നടത്തിയ ഹൂതികൾ കച്ചവടക്കപ്പലുകളും ലക്ഷ്യമിട്ടു.
ഇതോടെ സൂയസ് കനാൽ വഴിയുള്ള ആഗോള വ്യാപാരസഞ്ചാരം പ്രതിസന്ധിയിലായി. ലോകത്തെ വലിയ കണ്ടെയ്നർ ഷിപ്പിങ് കമ്പനിയായ എംഎസ്‌സി അടക്കം 3 വ്യാപാരക്കപ്പൽ ഏജൻസികൾ സൂയസ് കനാലിലൂടെയുള്ള ചരക്കുനീക്കം നിർത്തിവച്ചു.
ലൈബീരിയൻ ചരക്കുകപ്പൽ പ്ലാറ്റിയം ത്രീ കഴിഞ്ഞയാഴ്ച ചെങ്കടലിൽ ഹൂതികൾ ആക്രമിച്ചിരുന്നു. ആളപായം ഒഴിവായെങ്കിലും ചരക്ക് തീപിടിച്ചുനശിച്ചു. മറ്റൊരു ലൈബീരിയൻ കപ്പലിലും മിസൈൽ പതിച്ചിരുന്നു. മിസൈൽവേധ സംവിധാനമുപയോഗിച്ച് ചെങ്കടലിൽ 14 ഡ്രോണുകൾ തകർത്തതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും തമ്മിൽ ഫോണിൽ ചർച്ച നടത്തി. ഇസ്രയേൽ–ഗാസ സംഘർഷം ചെങ്കടലിലേക്കു വ്യാപിക്കുന്നതിലുള്ള ആശങ്ക മോദി നെതന്യാഹുവിനെ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല