സ്വന്തം ലേഖകൻ: പെരുന്നാൾ (ഈദുൽ ഫിത്ർ) പ്രമാണിച്ച് യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ഈ മാസം (ഏപ്രിൽ) 8 മുതൽ അറബി മാസം ശവ്വാൽ 3 വരെയാണ് അവധി. മാസപ്പിറവിയുടെ അടിസ്ഥാനത്തിൽ ശമ്പളത്തോടെയുള്ള അവധി ദിനങ്ങൾ നാലോ, അഞ്ചോ ലഭിക്കും.
ഏപ്രിൽ 9 ചൊവ്വാഴ്ചയോ 10 ബുധനാഴ്ചയോ ആണ് രാജ്യത്ത് പെരുന്നാൾ പ്രതീക്ഷിക്കുന്നത്. തൊട്ടുമുൻപുള്ള വാരാന്ത്യഅവധിയും ശേഷമുള്ള വാരാന്ത്യ അവധിയും കൂടി ചേർത്താൽ 9 ദിവസം വരെ അവധി ലഭിക്കും.
യുഎഇയിലെ സർക്കാർ ജീവനക്കാർക്ക് 8 മുതൽ 14 വരെയാണ് അവധി.
ഏപ്രിൽ 15-ന് സർക്കാർ ഓഫിസുകൾ വീണ്ടും പ്രവർത്തിച്ചു തുടങ്ങും. പ്രഖ്യാപിച്ച അവധിയോടൊപ്പം വാരാന്ത്യ ദിനങ്ങൾ കൂടി വരുമ്പോൾ സർക്കാർ ജീവനക്കാർക്ക് ഒൻപത് ദിവസം അവധി ലഭിക്കും. സർക്കാർ, സ്വകാര്യ മേഖലകളിലെ തൊഴിലാളികൾക്ക് സാധാരണയായി ഫെഡറൽ ഗവൺമെന്റ് ഒരേപോലെ അവധിയാണ് നൽകുന്നത്.
സൗദിയിൽ ഏപ്രിൽ 8 മുതൽ നാല് ദിവസം അവധി
പെരുന്നാൾ അവധി ദിനങ്ങൾ സൗദി മാനവ വിഭവ ശേഷി മന്ത്രാലയം പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയിലെയും ലാഭേച്ഛ കൂടാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് പെരുന്നാൾ അവധി ലഭിക്കും. ഏപ്രിൽ 8 മുതൽ നാല് ദിവസം ആയിരിക്കും ജീവനക്കാർക്ക് അവധി. സ്വകാര്യ – സർക്കാർ മേഖലയിൽ ഏപ്രിൽ 8 തിങ്കളാഴ്ച മുതൽ അവധി ലഭിക്കും. വെള്ളിയും ശനിയും വാരന്ത്യ അവധിയുള്ളവർക്ക് ആറ് ദിവസം ഇത്തവണ പെരുന്നാൾ ആഘോഷിക്കാൻ ലഭിക്കും.
തൊഴിൽ വ്യവസ്ഥയുടെ എക്‌സിക്യൂട്ടീവ് റെഗുലേഷനുകളുടെ ആർട്ടിക്കിൾ (24) രണ്ടാം ഖണ്ഡികയിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾ തൊഴിലുടമ പാലിക്കണമെന്ന് മാനവവിഭവശേഷി മന്ത്രാലയം കൂട്ടിച്ചേർത്തു. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും മറ്റ് അത്യാവശ്യ സേവനങ്ങൾ നടത്തുന്ന സ്ഥാപനങ്ങളും മുടക്കം വരാത്ത വിധം പ്രവർത്തിക്കും. അവശ്യ സേവന മേഖലയിൽ ജോലിയെടുക്കുന്നവർക്ക് പകരം അവധി ലഭിക്കും.
ഒമാനിൽ ഏപ്രില്‍ 9 മുതല്‍ 11 വരെയുള്ള ദിവസങ്ങളിലാണ് അവധി.
ഒമാനില്‍ പൊതു – സ്വകാര്യ മേഖലകളില്‍ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. ഏപ്രില്‍ 9 മുതല്‍ 11 വരെയുള്ള ദിവസങ്ങളിലാണ് അവധി. വാരാന്ത്യ അവധി ഉള്‍പ്പടെ അഞ്ച് ദിവസമാണ് ഈ വര്‍ഷം അവധി ലഭിക്കുക. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ അവധി ദിനങ്ങള്‍ കുറവാണ്. അവധി പ്രഖ്യാപനം വന്നതോടെ പ്രവാസികള്‍ ആഘോഷത്തിനുള്ള ഒരുക്കത്തിലാണ്.
ബഹ്റൈനിൽ പെരുന്നാൾ അവധി മൂന്ന് ദിവസം
ബഹ്റൈനിൽ പെരുന്നാൾ ദിനവും തുടർന്നുള്ള രണ്ടു ദിവസങ്ങളുമായിരിക്കും അവധിയെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ്സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ പ്രഖ്യാപിച്ചു. പെരുന്നാൾ അവധി ദിനങ്ങളിലേതെങ്കിലും ദിവസം വാരാന്ത്യ അവധിയായി വന്നാൽ പകരം ഒരു പ്രവൃത്തി ദിവസം അവധിയായിരിക്കും.
ഖത്തറിൽ വാരാന്ത്യ അവധി ഉൾപ്പെടെ 11 ദിവസം അവധി
ഖത്തറിൽ സർക്കാർ മേഖലയിൽ ഈദുൽ ഫിത്ർ അവധി ഏപ്രിൽ 7ന് തുടങ്ങി. അമീരി ദിവാൻ ആണ് ഏപ്രിൽ 7 മുതൽ 15 വരെ അവധി പ്രഖ്യാപിച്ചത്. ഇത്തവണ വാരാന്ത്യ അവധി ഉൾപ്പെടെ 11 ദിവസം ആണ് അവധി. സർക്കാർ ഓഫിസുകൾ, മന്ത്രാലയങ്ങൾ, പൊതുമേഖല സ്ഥാപനങ്ങൾ എന്നിവർക്കെല്ലാം അവധി ബാധകമാണ്. അവധിക്ക് ശേഷം 16 മുതൽ പ്രവർത്തനം പുനരാരംഭിക്കും.
കുവൈത്തിൽ അവധി 5 ദിവസം
കുവൈത്തിൽ ഈദുൽ ഫിത്ർ പ്രമാണിച്ച് 5 ദിവസം അവധി പ്രഖ്യാപിച്ചു. ഏപ്രിൽ 9 ചൊവ്വാഴ്ച മുതൽ ഏപ്രിൽ 13 ശനിയാഴ്ച വരെയാണ് അവധി. മന്ത്രിസഭാ യോഗമാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്. ഏപ്രിൽ 14 ഞായറാഴ്ച മുതൽ വിവിധ മന്ത്രാലയങ്ങളുടെ പ്രവർത്തനം പുനരാരംഭിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല