സ്വന്തം ലേഖകൻ: കോവിഡ് പ്രതിസന്ധി, എണ്ണ വിലയിടിവ് തുടങ്ങിയ കാരണങ്ങളാൽ ജി.സി.സി രാഷ്ട്രങ്ങളിൽ നിന്നുള്ള വിദേശികളുടെ കൊഴിഞ്ഞുപോക്ക് 2023 വരെ തുടരുമെന്ന് എസ് ആൻഡ് പി ഗ്ലോബൽ റേറ്റിങ്ങിെൻറ വിലയിരുത്തൽ. കോവിഡിനെ തുടർന്ന് കഴിഞ്ഞ വർഷമാണ് ജി.സി.സിയിൽ നിന്ന് പ്രവാസികൾ വൻതോതിൽ കൊഴിഞ്ഞുപോയിത്തുടങ്ങിയത്. ജി.സി.സി രാഷ്ട്രങ്ങളിലെ മൊത്തം ജനസംഖ്യയിൽ ശരാശരി നാല് ശതമാനത്തിെൻറ കുറവുണ്ടായതായാണ് കണക്കാക്കപ്പെടുന്നതെന്ന് എസ് ആൻഡ് പിയുടെ റിപ്പോർട്ടിൽ പറയുന്നു.
ജനസംഖ്യയിൽ ഏറ്റവും കൂടുതൽ കുറവുണ്ടായത് ദുബൈയിലാണ്. ഒമാൻ, ഖത്തർ, അബൂദബി, കുവൈത്ത് എന്നിവ തൊട്ടുപിന്നാലെയുണ്ട്. ഒമാനിൽ കഴിഞ്ഞ വിദേശികളുടെ 12 ശതമാനം അഥവാ 2.30 ലക്ഷം പേർ രാജ്യം വിട്ടിരുന്നു. നിർമാണ, കാർഷിക മേഖലകളിൽ ജോലി ചെയ്യുന്ന കുറഞ്ഞ വരുമാനക്കാരാണ് രാജ്യം വിട്ടവരിൽ അധികവും. സൗദി അറേബ്യയിൽ നിന്നും കുവൈത്തിൽ നിന്നുമെല്ലാം വൻതോതിൽ വിദേശികൾ മടങ്ങിയിട്ടുണ്ട്. എണ്ണയിതര മേഖലയിലെ വളർച്ചക്കുറവും സ്വദേശിവത്കരണ നയങ്ങളും നിമിത്തമാണ് കൂടുതൽ വിദേശികൾക്ക് മടങ്ങേണ്ടി വരിക.
മാനുഷിക മൂലധനം വർധിപ്പിക്കാൻ സാമ്പത്തിക, സാമൂഹിക പരിഷ്കരണത്തിന് വേഗം കൂട്ടിയില്ലെങ്കിൽ സാമ്പത്തിക വളർച്ചക്ക് തിരിച്ചടിയാവുമെന്നും സാമ്പത്തിക വൈവിധ്യവത്കരണത്തിന് വെല്ലുവിളിയാവുമെന്നും ദീർഘകാലാടിസ്ഥാനത്തിൽ എണ്ണ മേഖലയെ തന്നെ ശരണം േതടേണ്ടി വരുമെന്നും റിപ്പോർട്ടിലുണ്ട്. സാമ്പത്തിക പ്രതിസന്ധി അവസാനിക്കുന്നതോടെ ചില വിദേശികൾ തിരിച്ചുവരുമെങ്കിലും കുവൈത്തിലും ഒമാനിലും വിദേശി ജനസംഖ്യ കുറയുമെന്നും റിപ്പോർട്ടിലുണ്ട്.
മൊത്തം ജി.സി.സിയിലെ ജനസംഖ്യ 2019ലെ 57.6 ദശലക്ഷത്തിലേക്ക് തിരിെക എത്തണമെങ്കിൽ 2023 വരെ കാത്തിരിക്കേണ്ടിവരും. സാമ്പത്തിക മേഖലയിലെ ശക്തിക്കുറവും തൊഴിൽ മേഖലയിലെ സ്വദേശിവത്കരണവുമാണ് കാരണം. സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം വർധിപ്പിക്കുന്നതിനുള്ള നീക്കങ്ങൾ വിദേശികളുടെ വരവിനെ തടയുന്ന ഘടകമാണ്. പകരം നിയമിക്കപ്പെടുന്ന സ്വദേശികൾക്ക് ഉൽപാദനക്ഷമതയും കാര്യക്ഷമതയും മത്സരാത്മകതയുമില്ലെങ്കിൽ അത് സാമ്പത്തിക വളർച്ചക്കും സാമ്പത്തിക വൈവിധ്യവത്കരണ ശ്രമങ്ങൾക്കും വിഘാതമാകുമെന്നും എസ് ആൻഡ് പി പറയുന്നു.
ജി.സി.സിയിലെ ജനസംഖ്യ വളർച്ച 2020ന് മുമ്പുണ്ടായിരുന്ന സമയത്തേക്ക് പോകാൻ സമയമെടുക്കും. വിദേശികളുടെ അനുപാതം ഇപ്പോഴുള്ളതിൽ നിന്ന് 50 ശതമാനമായി കുറയാനിടയുണ്ട്. അടുത്ത മൂന്ന് വർഷങ്ങളിൽ ഒാരോ വർഷവും ശരാശരി 1.3 ശതമാനം ജനസംഖ്യ വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ 0.71 ജനന വർധനവും ബാക്കി സാമ്പത്തിക വളർച്ച മെച്ചപ്പെടുന്നതോടെ തിരിച്ചുവരുന്ന വിദേശികളുമായിരിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. അതേസമയം, കുവൈത്തിൽ നിന്നും ഒമാനിൽ നിന്നുമുള്ള വിദേശികളുടെ കൊഴിഞ്ഞുപോക്ക് തുടരും. 2020നെക്കാൾ കുറഞ്ഞ തോതിലായിരിക്കും കൊഴിഞ്ഞുപോക്കെന്നും റിപ്പോർട്ടിൽ വിലയിരുത്തുന്നു.
2023ലെ സാമ്പത്തിക വളർച്ച 2022ലെ എണ്ണ ഉൽപാദനത്തെ ആശ്രയിച്ചാണിരിക്കുന്നത്. 2021, 2022 വർഷങ്ങളിൽ എണ്ണ വില ബാരലിന് 50 ഡോളറിന് താഴെ നിൽക്കാനാണ് സാധ്യത. 2023ൽ 55 ഡോളറിലെത്തുമെന്നും പ്രതീക്ഷിക്കുന്നു. എണ്ണ വിലക്കുറവ് ഖത്തർ ഒഴികെ എല്ലാ ജി.സി.സി രാജ്യങ്ങളെയും പ്രതികൂലമായി ബാധിക്കും. അതിനാൽ, ജി.സി.സി സർക്കാറുകൾ പൊതു നിക്ഷേപങ്ങൾ നിയന്ത്രിക്കാനും സാധ്യതയുണ്ട്. ഇത് ജി.സി.സി രാജ്യങ്ങളിലെ എണ്ണയിതര മേഖലയുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്നും എസ് ആൻഡ് പിയുടെ റിപ്പോർട്ടിൽ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല