1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 28, 2024

സ്വന്തം ലേഖകൻ: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജിസിസി രാജ്യങ്ങള്‍ക്കിടയിലെ ഏകീകൃത ടൂറിസം വീസയായ ‘ജിസിസി ഗ്രാന്‍ഡ് ടൂര്‍സ്’ വീസയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായതായി റിപ്പോര്‍ട്ട്. മിഡില്‍ ഈസ്റ്റിലെ ടൂറിസം വ്യവസായ രംഗത്ത് വലിയൊരു കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്ന് കരുതപ്പെടുന്ന ഏകീകൃത ടൂറിസം വീസ 2024 ഡിസംബര്‍ അവസാനത്തോടെ വീസ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി കുവൈത്ത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളായ സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ), ഖത്തര്‍, ബഹ്റൈന്‍, കുവൈത്ത്, ഒമാന്‍ എന്നിവിടങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒറ്റ വീസയില്‍ യാത്ര ചെയ്യാന്‍ സഹായകമാവുന്ന ഷെന്‍ഗണ്‍ മാതൃകയിലുള്ള വീസയാണ് ജിസിസി ഗ്രാന്റ് ടൂര്‍സ്.

ജിസിസി ഗ്രാന്‍ഡ് ടൂര്‍സ് വീസയുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത യാത്രക്കാര്‍ക്ക് അത് നല്‍കുന്ന മികച്ച സൗകര്യങ്ങളാണ്. വിനോദസഞ്ചാരികള്‍ക്ക് ഇനി ഓരോ ജിസിസി രാജ്യത്തിനും പ്രത്യേക വീസകള്‍ക്ക് അപേക്ഷിക്കുന്നതിനു പകരം ഒരൊറ്റ വീസ അപേക്ഷ മാത്രം മതിയാവും. ഇത് വീസ നടപടിക്രമങ്ങള്‍ എളുപ്പമാക്കാനും മേഖലയിലേക്കുള്ള കൂടുതല്‍ സന്ദര്‍ശനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഈ സംരംഭം കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനും മേഖലയുടെ സമ്പദ്വ്യവസ്ഥയെ വലിയ തോതില്‍ ഉത്തേജിപ്പിക്കുകയും ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. മിഡില്‍ ഈസ്റ്റിനെ ഒരു പ്രമുഖ ആഗോള ടൂറിസം കേന്ദ്രമായി സ്ഥാപിക്കുന്നതിനും ഇത് വഴിയൊരുക്കും.

ജിസിസി ഗ്രാന്‍ഡ് ടൂര്‍സ് വീസയുടെ വരവ് മിഡില്‍ ഈസ്റ്റേണ്‍ യാത്രയില്‍ യൂറോപ്പില്‍ ഉണ്ടായതിന് സമാനമായ സ്വാധീനം ചെലുത്തുമെന്നാണ് ഈ മേഖലയിലുള്ളവരുടെ പ്രതീക്ഷ. 2030ഓടെ സന്ദര്‍ശകരുടെ എണ്ണം 128.7 ദശലക്ഷമായി ഉയരുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഗള്‍ഫ് രാജ്യങ്ങളിലുടനീളം മൊത്തത്തിലുള്ള ടൂറിസം വരുമാനത്തില്‍ കുതിച്ചുചാട്ടമുണ്ടാവും. സാമ്പത്തിക ഉത്തേജനത്തിലുപരി, ജിസിസി ഗ്രാന്‍ഡ് ടൂര്‍സ് വീസ ബിസിനസ്, സാംസ്‌കാരിക വിനിമയത്തിനുള്ള അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാനും സഹായകമാവും.

ലളിതമാക്കിയ വീസ പ്രക്രിയ ജനങ്ങള്‍ക്ക് പ്രദേശത്തിന്റെ സമ്പന്നമായ ചരിത്ര സ്ഥലങ്ങള്‍ പര്യവേക്ഷണം ചെയ്യാനും അതിര്‍ത്തി കടന്നുള്ള സഹകരണത്തില്‍ ഏര്‍പ്പെടാനും പ്രോത്സാഹനമാവും. ടൂര്‍ കമ്പനികള്‍ ഇതിനകം തന്നെ ഏകീകൃത വീസ സംവിധാനത്തിന് അനുസൃതമായി പുതിയ യാത്രാ പാക്കേജുകള്‍ സജ്ജമാക്കിക്കഴിഞ്ഞു. ഇത് അന്താരാഷ്ട്ര യാത്രക്കാര്‍ക്കും പ്രാദേശിക ബിസിനസുകള്‍ക്കും ഒരുപോലെ മികച്ച അവസരങ്ങള്‍ തുറക്കുമെന്നുമാണ് കണക്കുകൂട്ടല്‍.

ജിസിസി രാജ്യങ്ങളിലുള്ള പ്രവാസികള്‍ക്കും വലിയ അനുഗ്രഹമായി ഈ ഏകീകൃത വീസ മാറും. വിനോദ സഞ്ചാര സാധ്യതയ്ക്കു പുറമെ, മറ്റ് ജിസിസി രാജ്യങ്ങളിലുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കാനും ബിസിനസ് യാത്രകള്‍ നടത്താനും ഇത് കൂടുതല്‍ എളുപ്പമാക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.