1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 12, 2023

സ്വന്തം ലേഖകൻ: ജിസിസി രാജ്യങ്ങളില്‍ അടുത്ത ജനുവരിയോടെ ഏകീകൃത ഗള്‍ഫ് വീസ നടപ്പാക്കിയേക്കുമെന്ന് സൂചന. ജിസിസി ടൂറിസം മന്ത്രിമാരുടെ ഏകകണ്ഠമായ അംഗീകാരം നേടിയ പദ്ധതിക്ക് വരുന്ന ഡിസംബറോടെ അന്തിമരൂപമുണ്ടാക്കാന്‍ ഊര്‍ജിത ശ്രമങ്ങള്‍ നടക്കുന്നതായി ഒമാന്‍ പൈതൃക ടൂറിസം മന്ത്രി സാലിം മുഹമ്മദ് അല്‍ മഹ്‌റൂഖി അറിയിച്ചു.

സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ബഹ്‌റൈന്‍, ഒമാന്‍, ഖത്തര്‍ എന്നിവ ഉള്‍പ്പെടുന്ന ജിസിസി അംഗരാജ്യങ്ങളിലേക്കുള്ള സന്ദര്‍ശകര്‍ക്ക് യാത്രാനടപടികള്‍ ലളിതമാക്കുന്നതിനാണ് ഏകീകൃത ഗള്‍ഫ് വീസ. ഈ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് നേരത്തേ തന്നെ ജിസിസിയില്‍ സ്വതന്ത്രമായി യാത്രചെയ്യാമെങ്കിലും പുതിയ വീസ നിയമം വിദേശ ടൂറിസ്റ്റുകള്‍ക്ക് പുറമേ ഗള്‍ഫ് പ്രവാസികള്‍ക്കായിരിക്കും ഏറ്റവുമധികം പ്രയോജനപ്പെടുകയെന്ന് കരുതപ്പെടുന്നു. നിയമ രൂപീകരണത്തോടെ യാത്രാ മാനദണ്ഡങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വ്യക്തത കൈവന്നേക്കും.

ഒരു വീസ ഉപയോഗിച്ച് ജിസിസിയിലെ ഏത് രാജ്യവും സന്ദര്‍ശിക്കാന്‍ യാത്രക്കാര്‍ക്ക് ഉടന്‍ കഴിയും. ഏകീകൃത ഗള്‍ഫ് വീസക്കുള്ള നിര്‍ദ്ദേശം ജിസിസി ടൂറിസം മന്ത്രിമാരെല്ലാം അംഗീകരിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ കൈമാറുന്നതിന് ഡിസംബര്‍ വരെ സമയപരിധി നിശ്ചയിച്ചതായി സാലിം മുഹമ്മദ് അല്‍ മഹ്‌റൂഖി വെളിപ്പെടുത്തി. ഏകീകൃത വീസ സംബന്ധിച്ച് സമഗ്രമായ കരാറില്‍ അടുത്തുതന്നെ എത്താന്‍ കഴിയെമന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഒമാന്റെ അധ്യക്ഷതയിലായിരുന്നു ജിസിസി ടൂറിസം മന്ത്രിമാരുടെ ഏഴാമത് യോഗം ചേര്‍ന്നിരുന്നത്. ജിസിസി രാജ്യങ്ങളിലെ സഹകരണം വര്‍ധിപ്പിക്കുകയും ടൂറിസം വികസനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു യോഗത്തിന്റെ പ്രാഥമിക ലക്ഷ്യം. ജിസിസിയുടെ ടൂറിസം സാധ്യതകള്‍ വര്‍ധിപ്പിക്കാനും ദേശീയ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനും ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റാനുമാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി അല്‍ മഹ്‌റൂഖി പറഞ്ഞു. 2023-2030 ടൂറിസത്തിനായുള്ള ഗള്‍ഫ് തന്ത്രത്തിന് മന്ത്രിമാര്‍ അംഗീകാരം നല്‍കി. ജിസിസി ടൂറിസം സ്റ്റാറ്റിസ്റ്റിക്‌സ് പ്ലാറ്റ്‌ഫോം രൂപീകരിക്കുന്നതിനെ കുറിച്ചും യോഗത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു.

ഷെങ്കന്‍ വീസ മാതൃകയില്‍ ഏകീകൃത ജിസിസി വീസ നടപ്പാക്കുന്നത് സംബന്ധിച്ച് ജിസിസി മന്ത്രിതല ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും അധികം വൈകാതെ ഇത് യാഥാര്‍ത്ഥ്യമാവുമെന്നും ബഹ്‌റൈനിലെ ടൂറിസം മന്ത്രി ഫാത്തിമ അല്‍ സൈറാഫി നേരത്ത അറിയിച്ചിരുന്നു. ഗള്‍ഫ് രാജ്യങ്ങളിലെ സ്വദേശി പൗരന്‍മാര്‍ക്കും വിദേശികള്‍ക്കും ഈ വീസ ഉപയോഗിച്ച് ജിസിസിയില്‍ സഞ്ചരിക്കാന്‍ കഴിയുമെന്നും ഇത് സംബന്ധിച്ച് ഉടന്‍ പ്രഖ്യാപനമുണ്ടാകുമെന്നും യുഎഇ സാമ്പത്തിക കാര്യമന്ത്രി അബ്ദുല്ല ബിന്‍ തൗഖും വ്യക്തമാക്കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.