സ്വന്തം ലേഖകന്‍: ഗള്‍ഫ് രാജ്യങ്ങളുടെ സുരക്ഷ സംബന്ധിച്ച് അമേരിക്ക രേഖാമൂലം ഉറപ്പ് നല്‍കണമെന്ന് ജിസിസി രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. മേഖലയില്‍ ഇറാനും ഹൗതി തീവ്രവാദികളും ഭീഷണി ഉയര്‍ത്തുന്ന പശ്ചാത്തലത്തിലാണ് ഗള്‍ഫ് രാജ്യങ്ങളുടെ ഈ ആവശ്യം. ഈ മാസം 14 ന് ക്യാമ്പ് ഡേവിഡില്‍ ചേരാനിരിക്കുന്ന ജിസിസി അമേരിക്ക ഉച്ചകോടിയില്‍ ഇക്കാര്യം ഔദ്യോഗികമായി ആവശ്യപ്പെടും.
ആണവ പ്രശ്‌നത്തില്‍ ഇറാനും ആണവ ശക്തികളും തമ്മില്‍ അന്തിമ കരാറില്‍ ഒപ്പുവെക്കാനിരിക്കെ, സുരക്ഷ സംബന്ധിച്ച കൃത്യമായ ഉറപ്പ് ലഭിക്കണം എന്നാണ് ജിസിസി രാജ്യങ്ങളുടെ നിലപാട്. ഇറാന്‍ ആണവായുധം വികസിപ്പിക്കില്ലെന്ന് തീര്‍ത്തും വിശ്വസിക്കാന്‍ കഴിയില്ലെന്നിരിക്കെ, രേഖാമൂലമുള്ള ഉറപ്പ് അനിവാര്യമാണെന്നും ജിസിസി നേതാക്കള്‍ സൗദി സന്ദര്‍ശിക്കുന്ന അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയോട് വ്യക്തമാക്കി.
എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാന്‍ അമേരിക്ക തയ്യാറാകുമോ എന്ന് സംശയമാണ്. ഈ മാസം 13, 14 തീയതികളില്‍ വൈറ്റ് ഹൗസിലും ക്യാമ്പ് ഡേവിഡിലും നടക്കുന്ന ചര്‍ച്ചകളില്‍ ഗള്‍ഫ് സുരക്ഷ സംബന്ധിച്ച നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. എങ്കിലും രേഖാമൂലമുള്ള ഉറപ്പു നല്‍കണമെങ്കില്‍ യുഎസ് നിയമനിര്‍മാണ സഭയുടെ അനുമതി ആവശ്യമാണ്.
അതിനിടെ, സ്വന്തം നിലക്കുള്ള സുരക്ഷാ നടപടികളുമായി മുന്നോട്ടു പോകാനും ജിസിസി രാജ്യങ്ങള്‍ ശ്രമിക്കുന്നുണ്ട്. വന്‍തോതില്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള ഒരുക്കത്തിലാണ് ഖത്തറും സൗദിയും. ഇതിനു വേണ്ടി ഫ്രാന്‍സുമായി ഇരു രാജ്യങ്ങളും ധാരണയിലെത്തി. കുവൈത്ത് മൂന്ന് ബില്യന്‍ ഡോളറിന്റെ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചതായും സൂചനയുണ്ട്.
ഒപ്പം നാറ്റോ മാതൃകയില്‍ സംയുക്ത അറബ് സൈന്യം രൂപീകരിക്കാനും പദ്ധതിയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല