
റെയ്മോൾ ജോസഫ്: യുകെയിലുള്ള തൃശ്ശൂർ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് പൂർവ്വ വിദ്യാർത്ഥികളുടെ (ജിഇസി യുകെ) രണ്ടാമത് വാർഷിക ആഘോഷങ്ങൾ ഇംഗ്ലണ്ടിലെ ലെസ്റ്ററിൽ സംഘടിപ്പിച്ചു. മെയ് പതിമൂന്നിന് നടന്ന കൂട്ടായ്മയിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി പൂർവ്വ വിദ്യാർത്ഥികളും അവരുടെ കുടുംബാംഗങ്ങളും അടക്കം നൂറ്റിയമ്പതോളം പേർ പങ്കെടുത്തു. പൂർവ്വ വിദ്യാർത്ഥികളും അവരുടെ കുട്ടികളും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ഒത്തു ചേരലിനു മിഴിവേകി.
1986 മുതൽ 2021 വരെ ജിഇസിയിൽ നിന്നും പഠിച്ചിറങ്ങിയവർ ഈ കൂട്ടായ്മയുടെ അംഗങ്ങളാണ്. ഐ ടി, ബാങ്കിങ്ങ് , കൺസ്ട്രക്ഷൻ, ഓട്ടോമൊബൈൽ, എനർജി, ട്രാൻസ്പോർറ്റേഷൻ എന്നീ മേഖലകളിലെ വിദഗ്ദ്ധരെകൂടാതെ ഓക്സ്ബ്രിഡ്ജ് അധ്യാപകരും , വ്യവസായികളും യു കെയുടെ പ്രവർത്തന മണ്ഡലങ്ങളിൽ ജിഇസിയുടെ യശസ്സിന് മങ്ങലേൽപ്പിക്കാതെതന്നെ വ്യാപൃതരാണ്.
എഞ്ചിനീയറിംഗ് രംഗത്തെ തങ്ങളുടെ അനുഭവപരിചയം യുവതലമുറക്ക് പകർന്നു നൽകാനായി യു കെയിലും ഇന്ത്യയിലുമുള്ള വിവിധ സംഘടനകളുമായി ചേരുന്നു വിവിധ ക്ലാസ്സുകളും, ജോലിസാധ്യത മാർഗനിദേശങ്ങളും നൽകുന്നതിൽ അംഗങ്ങൾ മുൻപന്തിയിലാണ്. പല അംഗങ്ങളും വിവിധ ചാരിറ്റി, സാമൂഹിക സംഘടനകളുടെ ഉപദേശകരോ പ്രവർത്തകരോ ആണ്. ഇതിലൂടെ സാമൂഹികനന്മക്കായി സേവങ്ങൾ അർപ്പിക്കാൻ ഈ കൂട്ടായ്മയിലെ അംഗങ്ങൾ കൈകോർത്തു പ്രവർത്തിക്കുന്നു.
കോവിഡ് കാലത്തു ജിഇസി യുകെ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലെ പൂർവ്വവിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു നടത്തിയ “ടെക്റ്റാൾജിയ” എന്ന വെർച്ച്വൽ കലാമേള വളരെ ശ്രദ്ധ നേടിയിരുന്നു. അടുത്ത ടെക്റ്റാൾജിയ സംഘടിപ്പിയ്ക്കുന്ന യുഎഇ ചാപ്റ്റർ (ട്രേസ്) പ്രസിഡൻ്റ് അഷറഫ്, ജിഇസി യുകെ ചാപ്റ്ററിലെ റെയ്മോൾ നിധിരിയ്ക്ക് കോളേജിന്റെ ഉപഹാരം സമർപ്പിച്ചു.
യു കെ യിൽ താമസിക്കുന്ന ജി ഇ സിലെ പൂർവവിദ്യാർത്ഥികൾക്കു ഈ കൂട്ടായ്മയെക്കുറിച്ചു കൂടുതൽ അറിയാനും ഭാഗമാകാനും ‘Tectalgia’ എന്ന ഫേസ്ബുക് പേജിലൂടെ ബന്ധപ്പെടാവുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല