സ്വന്തം ലേഖകൻ: കൂനൂരില്‍ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന്റെ തൊട്ടുമുമ്പുള്ള വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ഹെലികോപ്റ്റര്‍ തകര്‍ന്നുവീഴുന്നതിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്.
അപകടം നടക്കുന്നതിന്റെ 14 സെക്കന്‍ഡുകള്‍ മാത്രം മുമ്പ് നാട്ടുകാരനായ ഒരാള്‍ ചിത്രീകരിച്ച വീഡിയോയാണിത്. കനത്ത മൂടല്‍ മഞ്ഞിനുള്ളിലേക്ക് ഹെലികോപ്റ്റര്‍ കടന്നുപോകുന്നതായി ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം.
ഹെലികോപ്റ്റര്‍ പറന്നുപോകുന്ന ദൃശ്യമാണ് വീഡിയോയില്‍ ആദ്യം കാണുന്നത്. പിന്നാലെ കനത്ത മൂടല്‍ മഞ്ഞിനുള്ളിലേക്ക് ഹെലികോപ്റ്റര്‍ കയറി. തൊട്ടുപിന്നാലെ അസ്വാഭാവികമായ ശബ്ദം കേട്ടപ്പോള്‍ തകര്‍ന്നുവീണോ എന്ന് ഒരാള്‍ തമിഴില്‍ ചോദിക്കുന്നു. ഇതിനുമറുപടിയായി വീണു എന്ന് മറ്റൊരാള്‍ പറയുന്നതായും വീഡിയോയില്‍ കേള്‍ക്കാന്‍ സാധിക്കും.
അതേസമയം കനത്ത മൂടല്‍ മഞ്ഞാണ് അപകടത്തിന് കാരണമെന്ന് ഉറപ്പിക്കാന്‍ സാധിക്കില്ല. അപകട കാരണം കണ്ടെത്താനുള്ള വ്യോമനസേയുടെ അന്വേഷണം തുടരുകയാണ്. വിംഗ് കമാന്‍ഡന്‍ ഭരദ്വാജിന്റെ നേതൃത്വത്തിലുള്ള വ്യോമസേനാ സംഘത്തിന്റെ പരിശോധന അപകടസ്ഥലത്ത് തുടരുകയാണ്. ഇതിനിടെ ഹെലികോപ്റ്ററിന്റെ ഡേറ്റ റെക്കോര്‍ഡര്‍ സംഘം കണ്ടെടുത്തിരുന്നു. അപകടം സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ഇതില്‍നിന്നും ലഭിക്കും.
ബിപിന്‍ റാവത്ത് ഉള്‍പ്പടെയുള്ള 14 പേര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ ബുധനാഴ്ച ഉച്ചയ്ക്കാണ് കൂനൂര്‍ കാട്ടേരിയിലെ നഞ്ചപ്പഛത്രത്ത് തകര്‍ന്നുവീണത്. അപകടത്തില്‍ 13 പേരും മരണപ്പെട്ടിരുന്നു. രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.
ഹെലികോപ്റ്റര്‍ അപകടത്തെക്കുറിച്ച് സംയുക്തസേനാ സംഘം അന്വേഷണം നടത്തുമെന്ന് പ്രതിരോധമന്ത്രിരാജ്നാഥ് സിങ് പറഞ്ഞു. അപകടം സംബന്ധിച്ച് പാർലമെന്റിന്റെ ഇരുസഭകളിലും പ്രസ്താവന നടത്തുകയായിരുന്നു പ്രതിരോധ മന്ത്രി. എയര്‍ മാര്‍ഷല്‍ മാനവേന്ദ്ര സിങ് സംഘത്തെ നയിക്കും. അന്വേഷണ സംഘം കഴിഞ്ഞ ദിവസംതന്നെ വെല്ലിടണിലെത്തി പരിശോധന ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല