സ്വന്തം ലേഖകൻ: സംയുക്ത സൈനിക മേധാവി (ചീഫ് ഓഫ് ഡിഫന്‍സ്) ബിപിന്‍ റാവത്ത് അടക്കം ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ഹെലിക്കോപ്ടര്‍ നീലഗിരിയില്‍ തകര്‍ന്നു വീണു. ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. അപകടത്തില്‍ ബിപിന്‍ റാവത്തിന്റെ ഭാര്യ മധുലിക റാവത്ത് അടക്കം 11 പേര്‍ മരിച്ചതായാണ് റിപ്പോർട്ട്. ഗുരുതരമായി പരിക്കേറ്റ ബിപിന്‍ റാവത്ത് അടക്കമുള്ളവരെ വെല്ലിങ്ടണിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ബിപിന്‍ റാവത്തും അദ്ദേഹത്തിന്റെ സ്റ്റാഫും കുടുംബാംഗങ്ങളുമാണ് അപകടത്തില്‍ പെട്ടതെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. ബിപിന്‍ റാവത്തിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ് ലിഡര്‍, ലെഫ്.കേണല്‍ ഹര്‍ജീന്ദര്‍ സിങ്, എന്‍.കെ ഗുര്‍സേവക് സിങ്, എന്‍.കെ ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക്, വിവേക് കുമാര്‍, ലാന്‍സ് നായിക് ബി സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിവരാണ് അപകടത്തില്‍ പെട്ട ഹെലിക്കോപ്ടറിലുണ്ടായിരുന്നത്.
വ്യോമസേനയുടെ എം.ഐ 17വി.5 ഹെലിക്കോപ്ടറാണ് അപകടത്തില്‍ പെട്ടതെന്ന് വ്യോമസേന ട്വീറ്റ് ചെയ്തു. അപകടത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കുനൂര്‍ കട്ടേരിക്ക് സമീപമായിരുന്നു ഹെലിക്കോപ്ടര്‍ തകര്‍ന്നുവീണത്. കോയമ്പത്തൂരിലെ സുലൂര്‍ വ്യോമതാവളത്തില്‍ നിന്ന് വെല്ലിങ്ടണ്‍ കന്റോണ്‍മെന്റിലേക്കുള്ള യാത്രാമധ്യേയാണ് അപകടം സംഭവിച്ചത്.
അപകടം സംബന്ധിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പ്രധാനമന്ത്രിയെ വിവരം ധരിപ്പിച്ച ശേഷം അപകടം സംബന്ധിച്ച് അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിക്കും. തുടർന്ന് ആദ്ദേഹം ഊട്ടിയിലേക്ക് തിരിക്കും. വെല്ലിങ്ടണ്‍ കന്റോണ്‍മെന്റില്‍ ഒരു സെമിനാറില്‍ പങ്കെടുക്കുന്നതിനാണ് സൈനിക മേധാവി യാത്ര പുറപ്പെട്ടതെന്നാണ് റിപ്പോർട്ട്. ഇന്ത്യന്‍ വ്യോമസേനയുടെ F Mi-17V5 എന്ന ഹെലികോപ്ടറിലാണ് ഇവർ സഞ്ചരിച്ചിരുന്നത്.
കുനൂരില്‍ നിന്ന് വെല്ലിങ്ടണ്‍ കന്റോണ്‍മെന്റിലേക്കുള്ള യാത്രാമധ്യേ കോയമ്പത്തൂരിനും സുലൂരിനും ഇടയില്‍ കാട്ടേരി പാര്‍ക്കില്‍ ലാന്‍ഡിങ്ങിന് ശ്രമിക്കുമ്പോഴായിരുന്നു അപകടം. ജനവാസ മേഖലയോട് ചേര്‍ന്ന് കുന്നില്‍ ചെരിവാണ് ഈ മേഖല. ഹെലികോപ്ടറിലുണ്ടായിരുന്നവരെ കണ്ടെത്താനും തിരിച്ചറിയാനുമുള്ള ശ്രമങ്ങളും തുടരുകയാണ്. പ്രദേശത്ത് പോലീസിന്റേയും സൈന്യത്തിന്റേയും പ്രദേശവാസികളുടേയും സഹായത്തോടെയാണ് തിരച്ചില്‍ പുരോഗമിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല