ഭ്രൂണഹത്യ നടത്തി പെണ്‍കുട്ടികളുടെ ജനനം തടയുന്നത് നിരോധിക്കപ്പെട്ടതിനാല്‍ ജനിയ്ക്കുന്ന പെണ്‍കുട്ടികളെ രക്ഷിതാക്കള്‍ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ ആണ്‍കുട്ടികളാക്കി മാറ്റുന്നു. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഇത്തരത്തില്‍ നൂറോളം ശസ്ത്രക്രിയകള്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
പെണ്‍കുട്ടികള്‍ ജനിച്ചുകഴിഞ്ഞ് അഞ്ചുവയസ്സാകുമ്പോഴാണ് ജെനിറ്റോപ്ലാസ്റ്റി എന്ന് വിളിക്കുന്ന ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കുന്നത്. ഇന്‍ഡോറിലുള്ള ഇത്തരം ശസ്ത്രക്രിയാ വിദഗ്ധരെത്തേടി ദില്ലിയില്‍ നിന്നും മുംബൈയില്‍ നിന്നുംവരെ പെണ്‍മക്കളുമായി രക്ഷിതാക്കള്‍ എത്തുകയാണത്രേ. ലിംഗമാറ്റം നടത്തണമെന്ന് സ്വയം തീരുമാനമെടുക്കാനും അതിനെക്കുറിച്ച് ഒന്നും അറിയാനും കഴിയാത്ത പ്രായത്തിലാണ് ഭൂരിഭാഗം പെണ്‍കുട്ടികളെയും ലിംഗമാറ്റം നടത്തി ആണ്‍കുട്ടികളാക്കുന്നത്.
ലിംഗമാറ്റത്തിനായി ഹോര്‍മോണ്‍ കുത്തിവയ്ക്കുന്നതിനാല്‍ ഭാവിയില്‍ കുട്ടികള്‍ക്ക് നിരവധി ശാരീരികമാനസിക പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. കൂടാതെ ലിംഗമാറ്റം വരുത്തുന്ന കുട്ടിക്ക് പ്രത്യുല്‍പാദനശേഷിയും ഉണ്ടാകില്ല. ഇതൊന്നും വകവെക്കാതെയാണ് പെണ്‍കുട്ടികള്‍ ശാപമാണെന്ന് കരുതുന്ന രക്ഷിതാക്കള്‍ അവരെ ആണ്‍കുട്ടികളാക്കി മാറ്റുകയാണ്. ചുരുക്കിപ്പറഞ്ഞാല്‍ സ്വാര്‍ത്ഥമോഹത്തിനായി രക്ഷിതാക്കള്‍ ആണെന്നും പെണ്ണെന്നുമുള്ള നിലയില്‍ കുട്ടികളുടെ ജീവിതത്തിന് അര്‍ത്ഥമില്ലാതാക്കിമാറ്റുന്നു. ഇന്‍ഡോറിലെ പ്രശസ്ത സ്വകാര്യസര്‍ക്കാര്‍ ആശുപത്രികളിലെ ഏഴ് പീഡിയാട്രിക് സര്‍ജന്മാരാണ് ജെനിറ്റോപ്ലാസ്റ്റി ശസ്ത്രക്രിയ നടത്തിവരുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസില്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇവരില്‍ ഓരോരുത്തരും 200 മുതല്‍ 300 വരെ പെണ്‍കുട്ടികളെ ആണ്‍കുട്ടികളാക്കി മാറ്റിയതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ ഇങ്ങനെയല്ല ആന്തരാവയവങ്ങളും ജനനേന്ദ്രിയവും വ്യത്യസ്ത ലിംഗത്തിലായി ജനിക്കുന്ന കുട്ടികളെ ശസ്ത്രക്രിയയിലൂടെ ആണാക്കുക മാത്രമാണ് ചെയ്യുന്നതെന്നാണ് ഡോക്ടര്‍മാരുടെ അവകാശവാദം.
ഹിജഡകളായും മറ്റും ജനിക്കുന്ന കുട്ടികളെ ഒരുലിംഗത്തില്‍പ്പെടുത്താന്‍ വേണ്ടിയാണ് പൊതുവേ ജനിറ്റോപ്ലാസ്റ്റി നടത്താറുള്ളത്. എന്നാല്‍ ഇന്‍ഡോറില്‍ ഈ ശസ്ത്രക്രിയയെ ദുരുപയോഗപ്പെടുത്തുകയാണ്.
കുട്ടികളിലെ ലിംഗമാറ്റ ശസ്ത്രക്രിയക്ക് ഇന്ത്യയില്‍ വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ നിലവിലില്ല. കുട്ടികളിലെ ലൈംഗികാവയവപ്രശ്‌നങ്ങള്‍ പരിഹരിക്കാനെന്ന പേരില്‍ നടത്തുന്ന ശസ്ത്രക്രിയകള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതു തടയാന്‍ ആരോഗ്യമന്ത്രാലയം ഇടപെടണമെന്ന് പലഭാഗത്തുനിന്നായി ആവശ്യമുയര്‍ന്നിട്ടുണ്ട്.
ലിംഗമാറ്റ ശസ്ത്രക്രിയക്കായി ഇന്‍ഡോറിലെ ആശുപത്രികളെ സമീപിക്കുന്നവരില്‍ എട്ടുശതമാനംപേരും രാജ്യത്തെ മെട്രോ നഗരങ്ങളില്‍നിന്നുള്ളവരാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നഗരങ്ങളില്‍ താമസിക്കുന്ന അഭ്യസ്തവിദ്യരായ മധ്യവര്‍ഗ്ഗ കുടുംബങ്ങള്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് പെണ്‍വര്‍ഗ്ഗത്തിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയായിത്തീരും. ഏതായാലും നാഷണല്‍ കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സ് ഇതിനെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല