സ്വന്തം ലേഖകന്‍: ഗൂഗിളിലെ ഉയര്‍ന്ന പദവികളില്‍ പുരുഷന്മാര്‍ക്ക് ആധിപത്യമെന്ന് വ്യക്തമാക്കുന്ന ഇമെയില്‍ ചോര്‍ന്നു, കമ്പനിയ്‌ക്കെതിരെ ലിംഗവിവേചന ആരോപണവുമായി സ്ത്രീകള്‍. ഗൂഗിള്‍ ലിംഗവിവേചനവും സ്ത്രീകള്‍ക്കെതിരായ അസമത്വവും തുടരുന്നതായി ചൂണ്ടിക്കാട്ടി കൂടുതല്‍ സ്ത്രീകള്‍ രംഗത്തിറങ്ങാന്‍ തയാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. നേരത്തേ സ്ഥാപനത്തിലുണ്ടായിരുന്നതും ഇപ്പോള്‍ ജോലിചെയ്യുന്നവരുമായ 60 ഓളം പേരാണ് പരാതി നല്‍കാന്‍ ഒരുങ്ങുന്നത്.
സ്ത്രീകള്‍ക്കെതിരായ കമ്പനിയുടെ സമീപനത്തില്‍ മാറ്റംവരുത്തുകയാണ് ഇവരുടെ ലക്ഷ്യം. സിലിക്കന്‍ വാലിയിലെ കമ്പനിയില്‍ ഉയര്‍ന്ന പദവികളില്‍ സ്ത്രീകളെക്കാള്‍ കൂടുതല്‍ പുരുഷന്മാര്‍ക്കാണ് പ്രാമുഖ്യമെന്ന പുരുഷ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ ഇമെയില്‍ ചോര്‍ന്നതോടെയാണ് വിവാദം തുടങ്ങിയത്. ശമ്പളത്തിലും അന്തരമുണ്ടെന്ന് വെളിപ്പെടുത്തലുണ്ടായി. എന്നാല്‍, ഗൂഗിള്‍ ഇക്കാര്യം നിഷേധിച്ചിരുന്നു.
അതേസമയം, ഇമെയിലില്‍ സൂചിപ്പിക്കുന്നതുപോലെ കമ്പനിയില്‍ കൃത്യമായി സ്ത്രീകളെ മാറ്റിനിര്‍ത്തുന്നുണ്ടെന്നും ഒരേ ജോലിക്ക് വ്യത്യസ്തവേതനമാണ് നല്‍കുന്നതെന്നുമാണ് വനിതാ ജീവനക്കാരുടെ പരാതി. ഐ.ടി മേഖലയിലെ ലിംഗവിവേചനം ന്യായീകരിച്ച സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറെ കഴിഞ്ഞ ദിവസം ഗൂഗിള്‍ പുറത്താക്കിയിരുന്നു. ലിംഗവിവേചനം സംബന്ധിച്ച് ഗൂഗിളിനകത്തു നടന്ന ഇമെയില്‍ സംഭാഷണം അജ്ഞാതന്‍ ചോര്‍ത്തുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല