സ്വന്തം ലേഖകൻ: ജൂലൈ നാലിന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവിന്റെ സീറ്റുകള്‍ കുത്തനെ ഇടിയുമെന്ന സര്‍വേ ഫലങ്ങള്‍ വന്നു തുടങ്ങിയിട്ട് വളരെ നാളുകളായി. ഇപ്പോഴിതാ തിരഞ്ഞെടുപ്പിന് രണ്ടു ദിവസം ബാക്കി നില്‍ക്കെ പ്രധാനമന്ത്രി റിഷി സുനാകിന്റെ സീറ്റു പോലും സുരക്ഷിതമല്ലെന്ന് സര്‍വേ റിപ്പോര്‍ട്ട്.
ബ്രിട്ടീഷ് ചരിത്രത്തില്‍ ആദ്യമായി ഭരണത്തിലിരിക്കുന്ന ഒരു പ്രധാനമന്ത്രി പൊതു തെരഞ്ഞെടുപ്പില്‍ പരാജയമടയും എന്ന ആശങ്ക ജനിപ്പിക്കുന്ന സര്‍വ്വേ ഫലം പുറത്തുവന്നിരിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പരാജയപ്പെടുക മാത്രമല്ല, സുനക് പരാജയപ്പെടുകയും ചെയ്യുമെന്നാണ് ഏറ്റവും പുതിയ സര്‍വ്വേഫലം വെളിപ്പെടുത്തുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം പുറത്തു വന്ന സര്‍വ്വേഫലങ്ങള്‍ ഒക്കെയും ടോറികള്‍ക്ക് എതിരായിരുന്നു. 70 മുതല്‍ 150 സീറ്റുകള്‍ വരെയാകും ടോറികള്‍ക്ക് നേടാനാവുക എന്നായിരുന്നു മിക്ക സര്‍വ്വേകളുടെയും ഫലം.
എന്നാല്‍, ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന സവന്ത നടത്തിയ എം ആര്‍ പി അനാലിസിസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് പരമാവധി ലഭിക്കുക 53 സീറ്റുകള്‍ മാത്രമായിരിക്കും എന്നാണ്. മാത്രമല്ല, തന്റെ റിച്ച്‌മോണ്ട് ആന്‍ഡ് നോര്‍ത്താലെര്‍ടണ്‍ നിയോജകമണ്ഡലത്തില്‍ പ്രധാനമന്ത്രിസുനക് പരാജയപ്പെടുമെന്നും അതില്‍ പറയുന്നു. ഈ സര്‍വ്വേ പ്രകാരം ലേബര്‍ പാര്‍ട്ടിക്ക് 382 സീറ്റുകളുടെ ഭൂരിപക്ഷം ലഭിക്കുമെന്നും പറയുന്നു. 516 സീറ്റുകളില്‍ ലേബര്‍ പാര്‍ട്ടി ജയിക്കുമെന്നാണ് സര്‍വ്വേ ഫലം പറയുന്നത്.
യോര്‍ക്ക്ഷയര്‍ സീറ്റായ റിച്ച്‌മോണ്ടില്‍ 2015 മുതല്‍ സുനക് എം പിയാണ്. മാത്രമല്ല, തന്റെ വിപുലമായ സമ്പത്തും ഇന്ത്യന്‍ പാരമ്പര്യവും പരാമര്‍ശിച്ചുകൊണ്ട് ഡേയ്ല്‍സിലെ മഹാരാജാവ് എന്നാണ് സുനക് അറിയപ്പെട്ടിരുന്നതും. 2019 ല്‍ 27, 210 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സുനക് വിജയിച്ചത്. മാര്‍ഗരറ്റ് താച്ചറിന്റെ ജനപ്രീതി അതിന്റെ ഔന്നത്യത്തില്‍ ഉണ്ടായിരുന്ന 1983-ല്‍ അവര്‍ക്ക് ലഭിച്ച ഭൂരിപക്ഷത്തിന്റെ മൂന്നിരട്ടിയോളം വരും ഇത്. ഇപ്പോള്‍ മൂന്നാം തവണയാണ് സുനക് ഈ മണ്ഡലത്തില്‍ മത്സരിക്കുന്നത്.
പൊതു തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ പാര്‍ട്ടി നേതൃസ്ഥാനവും റിഷിക്കു നഷ്ടമാകും. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നിയമാവലി അനുസരിച്ച് പാര്‍ട്ടി നേതാവിനെ പാര്‍ലമെന്റംഗങ്ങളില്‍ നിന്നാണ് തെരഞ്ഞെടുക്കേണ്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല