സ്വന്തം ലേഖകൻ: ബിബിസി അവതാരകനും ലോകപ്രശസ്ത മാധ്യമപ്രവര്‍ത്തകനുമായ ജോര്‍ജ് അലഗായ (67) അന്തരിച്ചു. ഒമ്പത് വര്‍ഷമായി കാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു. ബിബിസിയില്‍ ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ചവരില്‍ ഒരാളാണ്. നിര്‍ഭയമായി റിപ്പോര്‍ട്ടുചെയ്യുകയും വാര്‍ത്തകള്‍ കുറ്റമറ്റ രീതിയില്‍ അവതരിപ്പിക്കുകയും ചെയ്ത ധീരനായ മാധ്യമപ്രവര്‍ത്തകരില്‍ ഒരാളായിരുന്നു ജോര്‍ജ് എന്ന് ബിബിസി ഡയറക്ടര്‍ ജനറല്‍ ടിം ഡേവി അനുസ്മരിച്ചു.
മൂന്ന് പതിറ്റാണ്ടിലേറെയായി ബ്രിട്ടീഷ് ടിവി വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന അലഗായ കഴിഞ്ഞ 20 വര്‍ഷമായി ബിബിസി ന്യൂസ് അറ്റ് സിക്സ് അവതാരകന്‍ ആയിരുന്നു. അതിനുമുമ്പ്, റുവാണ്ട മുതല്‍ ഇറാഖ് വരെയുള്ള രാജ്യങ്ങളില്‍ വിദേശകാര്യ ലേഖകന്‍ ആയിരുന്നു അദ്ദേഹം. 2014-ല്‍ വന്‍കുടലില്‍ സ്റ്റേജ് ഫോര്‍ കാന്‍സര്‍ ആണെന്ന് കണ്ടെത്തി. അത് ശ്വാസകോശത്തിലേയ്ക്കും കരളിലേയ്ക്കും നാഡീവ്യൂഹത്തിലേയ്ക്കും വ്യാപിച്ചതായി 2022 ഒക്ടോബറില്‍ ഒരു പോഡ്കാസ്റ്റിലൂടെ അദ്ദേഹം വെളിപ്പെടുത്തി.
ഒരു മികച്ച മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ മാത്രമല്ല, ജീവിതാവസ്ഥകളോട് പടവെട്ടി മുന്നേറിയ വ്യക്തി കൂടിയായിരുന്നു ജോര്‍ജ് അലഗായ. ‘എനിക്ക് ഇതു മറികടക്കാന്‍ പറ്റുമെന്നു തോന്നുന്നില്ല. എനിക്ക് ഇപ്പോഴും കാന്‍സര്‍ രോഗമുണ്ട്. ഇത് വളരെ സാവധാനത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്.’ ഒക്ടോബറില്‍ പുറത്തുവന്ന പോഡ്കാസ്റ്റില്‍ അലഗായ പറയുന്നതാണിത്. ജീവിതത്തില്‍ സന്തോഷവും സംതൃപ്തിയും മാത്രമാണുള്ളതെന്നാണ് ജോര്‍ജിന്റെ വാക്കുകള്‍.
അവസാനം കാന്‍സര്‍ തന്നെ കീഴടക്കാനാണ് സാധ്യതയെന്നും അദ്ദേഹം പറയുന്നുണ്ട്. കാന്‍സര്‍ ബാധിച്ച വര്‍ഷങ്ങള്‍ ഒരു നഷ്ടമായി തോന്നുന്നില്ലെന്നും ജോര്‍ജ് അലഗായ പറയുന്നുണ്ട്. അത് ഒട്ടേറെ കാര്യങ്ങള്‍ പഠിപ്പിച്ചു. ജീവിതത്തില്‍ എന്താണ് പ്രധാനപ്പെട്ടതെന്ന് രോഗം എന്നെ പഠിപ്പിച്ചു. ജീവിതം ഇപ്പോള്‍ അവസാനിച്ചാല്‍ അതൊരു പരാജയമായി തോണില്ലെന്നാണ് അദ്ദേഹത്തിന്റെ വാക്കുകള്‍.
ശ്രീലങ്കയില്‍ ജനിച്ച് ഘാനയിലും യുകെയിലുമായി പഠിച്ച ജോര്‍ജ് 1989ലാണ് ബിബിസിയിലെത്തുന്നത്. റുവാണ്ടയിലെ വംശഹത്യയുടെ റിപ്പോര്‍ട്ടിങ്, ഡെസ്മണ്ട് ടുട്ടു, നെല്‍സണ്‍ മണ്ടേല തുടങ്ങിയവരുമായ അഭിമുഖങ്ങള്‍ എന്നിങ്ങനെ ആഫ്രിക്കയിലെ സ്പെഷ്യല്‍ കറസ്പോണ്ടന്റ് എന്ന നിലയില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ച ശേഷമാണ് ബിബിസി അവതാരകനായുള്ള ജോര്‍ജിന്റെ രംഗപ്രവേശം. 1990-കളുടെ തുടക്കത്തില്‍ സോമാലിയയിലെ പട്ടിണിയെയും യുദ്ധത്തെയും കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ക്ക് അവാര്‍ഡ് നേടി.
വടക്കന്‍ ഇറാഖിലെ കുര്‍ദുകള്‍ക്കെതിരായ സദ്ദാം ഹുസൈന്റെ വംശഹത്യ പ്രചാരണം റിപ്പോര്‍ട്ട് ചെയ്തതിന് 1994-ല്‍ ബാഫ്തയ്ക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. ബുറുണ്ടിയിലെ ആഭ്യന്തരയുദ്ധത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തതിന് 1994-ല്‍ ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ ആ വര്‍ഷത്തെ മികച്ച ജേണലിസ്റ്റായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിലെ അവയവകച്ചവടം, അഫ്ഗാനിസ്ഥാനിലെ ആഭ്യന്തര യുദ്ധം, എത്യോപ്യയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ എന്നിവ അദ്ദേഹം കവര്‍ ചെയ്‌തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല