സ്വന്തം ലേഖകന്‍: ട്രംപിനെ തളയ്ക്കാന്‍ മുന്‍ പ്രസിഡന്റുമാര്‍ വീണ്ടും കളത്തില്‍, ട്രംപിന്റെ നയങ്ങളെ കടന്നാക്രമിച്ച് ജോര്‍ജ് ബുഷും ഒബാമയും. ഭിന്നതയുടെയും മുന്‍വിധിയുടെയും രാഷ്ട്രീയം തള്ളിക്കളയണമെന്നു മുന്‍ യുഎസ് പ്രസിഡന്റുമാരായ ജോര്‍ജ് ഡബ്ലിയു ബുഷും ബറാക് ഒബാമയും. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പേരെടുത്തു പറഞ്ഞില്ലെങ്കിലും അദ്ദേഹത്തിന്റെ നയങ്ങളെ ഇരുവരും രൂക്ഷമായി വിമര്‍ശിച്ചു.
നിലവിലുള്ള പ്രസിഡന്റിനെ വിമര്‍ശിക്കരുതെന്നാണു പ്രോട്ടോക്കോള്‍ അനുശാസിക്കുന്നത്. ഭയത്തിന്റെയും ഭിന്നതയുടെയും രാഷ്ട്രീയം തള്ളിക്കളയണമെന്ന് ന്യൂജേഴ്‌സി ഗവര്‍ണര്‍ പദവിയിലേക്കു മത്സരിക്കുന്ന ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ഫില്‍ മര്‍ഫിയുടെ തെരഞ്ഞെടുപ്പു പ്രചാരണ റാലിയില്‍ ഒബാമ ചൂണ്ടിക്കാട്ടി. അന്പതു വര്‍ഷം മുന്പ് അവസാനിപ്പിക്കേണ്ടിയിരുന്ന രാഷ്ട്രീയവിഷയങ്ങളാണ് ഇപ്പോള്‍ ചിലര്‍ ഊതിപ്പെരുപ്പിക്കുന്നതെന്ന് ഒബാമ പറഞ്ഞു.
സ്വതന്ത്ര കമ്പോളത്തിലും അന്തര്‍ദേശീയ വാണിജ്യത്തിലും വിശ്വാസം കുറയ്ക്കുന്നതും ഒറ്റപ്പെടല്‍ പ്രവണതയ്ക്കു വളംവച്ചു കൊടുക്കുന്നതുമായ നയങ്ങള്‍ ശരിയല്ലെന്ന് ന്യൂയോര്‍ക്കില്‍ നടത്തിയ പ്രസംഗത്തില്‍ ബുഷ് പറഞ്ഞു. ഏതുതരം ആശയ ഭ്രാന്തും വെളുത്ത വര്‍ഗ മേധാവിത്വ വാദവും അമേരിക്കന്‍ വിശ്വാസത്തിന് എതിരായ ഗുരുതര നിന്ദയാണെന്നും ബുഷ് ചൂണ്ടിക്കാട്ടി. വ്യത്യസ്ത ചേരിയിലായിരുന്നിട്ടു പോലും ഒബാമ ഭരണത്തിലിരുന്ന എട്ടു വര്‍ഷം ബുഷ് കാര്യമായ വിമര്‍ശനം നടത്തിയിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല