സ്വന്തം ലേഖകൻ: അമേരിക്കയിൽ പൊലീസുകാരൻ കൊലപ്പെടുത്തിയ ആഫ്രോ-അമേരിക്കൻ വംശജൻ ജോർജ് ഫ്‌ളോയിഡിന് നീതി തേടി ന്യൂയോർക്കിൽ ഉയർന്ന ഒരു പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മലയാളത്തിൽ എഴുതിയ ആ പോസ്റ്റർ ഉയർത്തിയത് കേരളത്തിൽ വേരുകളുള്ള സിനി സ്റ്റീഫനായിരുന്നു.
അമേരിക്കയിൽ അനീതി നിലനിൽക്കുന്നുണ്ടെന്നും അതിനെതിരെ ഉറച്ചു നിൽക്കേണ്ട ഉത്തരവാദിത്തം അമേരിക്കയിലുള്ള ഇന്ത്യക്കാർക്കുണ്ടെന്ന് സിനി സ്റ്റീഫൻ പറയുന്നു. അമേരിക്കൻ മലയാളികളെ പ്രതിനിധീകരിച്ചാണ് ബാനർ ഉയർത്തിയത്.
അമേരിക്കയിലെ ആഫ്രിക്കൻ വംശജർക്കൊപ്പം മലയാളികളും നിലയുറക്കണമെന്നുള്ളതുകൊണ്ടാണ് മലയാളത്തിൽ ബാനർ എഴുതിയത്. ആഫ്രിക്കൻ വംശജർക്ക് വേണ്ടി ഉറച്ച നിലപാട് സ്വീകരിക്കണമെന്നും സിനി സ്റ്റീഫൻ പറഞ്ഞു.
കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയ്ഡിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അമേരിക്കയിൽ പ്രതിഷേധം തുടരുകയാണ്. അതിനിടയിൽ ഇത്തരം പ്രതിഷേധങ്ങളെയൊക്കെ വെല്ലുവിളിച്ച് ജോർജ് ഫ്ലോയ്ഡ് ചലഞ്ചുമായി അമേരിക്കയിലെ വെളുത്ത വർഗക്കാരായ യുവാക്കളും രംഗത്തെത്തി. സുഹൃത്തിന്റെ കഴുത്തിൽ കാൽമുട്ട് അമർത്തി ചിത്രം എടുക്കുകയും അത് സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്യുന്നതാണ് ജോർജ് ഫ്ലോയ്ഡ് ചലഞ്ച്.
സ്നാപ്ചാറ്റിലാണ് ഈ ചലഞ്ച് നടക്കുന്നത്. വെളുത്ത വർഗക്കാരായ ആൺകുട്ടികളാണ് കൂടുതലും ചലഞ്ചിൽ പങ്കെടുക്കുന്നത്. ചില പെൺകുട്ടികളും ഉണ്ട്. ഇത്തരത്തിലുള്ള വീഡിയോകളും ചലഞ്ചിന്റെ ഭാഗമായി പലരും പങ്കുവെക്കുന്നുണ്ട്.
ചലഞ്ചുകളുടെ ചിത്രങ്ങൾ ട്വിറ്ററിൽ വൈറലാവുകയാണ്. ലോകം മുഴുവൻ ഈ ദാരുണ സംഭവത്തിൽ ഞെട്ടലും ദുഖവും രേഖപ്പെടുത്തുമ്പോൾ മറുവശത്ത് ഇത്തരം ചലഞ്ച് നടത്താൻ സമയം കണ്ടെത്തുന്ന യുവത എന്ത് സന്ദേശമാണ് നൽകുന്നതെന്ന് ട്വിറ്റർ ലോകം ചോദിക്കുന്നു.
ചെറുകിട ഭക്ഷണശാലയിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുകയായിരുന്ന ഫ്ലോയിഡിൻ്റെ കഴുത്തിൽ കാൽമുട്ട് അമർത്തിയായിരുന്നു കൊലപാതകം. പൊലീസ് ഉദ്യോഗസ്ഥനായ ഡെറിക് ഷോവ് ഒന്‍പത് മിനിറ്റോളം ജോര്‍ജിനെ കാല്‍മുട്ടിനടിയില്‍ വെച്ച് ഞെരിച്ചമര്‍ത്തിയതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിൽ സൂചിപ്പിച്ചിരുന്നു.
ഡെറിക് ഷോവിനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കൊലപാതകത്തിൽ പരോക്ഷമായി പങ്കായ മറ്റു മൂന്ന് പൊലീസുകാർ കൂടി അറസ്റ്റിലായി. കൊലപാതകം നടക്കുമ്പോൾ ഡെറിക് ഷോവിനെ സംരക്ഷിച്ച് ചുറ്റും നിന്ന ടൗ താവോ, തോമസ് ലെയിൻ, ജെ അലക്സാണ്ടർ എന്നിവരാണ് അറസ്റ്റിലായത്. ഷോവിൻ്റെ മേലുള്ള കുറ്റം സെക്കൻഡ് ഡിഗ്രി കൊലക്കുറ്റമാക്കി ഉയർത്തി. 40 വർഷത്തോളം തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്.
അതേസമയം, ഫ്ലോയ്ഡിന് കൊവിഡ് ബാധ ഉണ്ടായിരുന്നതായി പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. മരണപ്പെടുന്നതിന് ആഴ്ചകൾക്കു മുൻപ് ഇദ്ദേഹത്തിൻ്റെ കൊവിഡ് ടെസ്റ്റ് പോസിറ്റീവ് ആയിരുന്നു എന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല