1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 9, 2024

സ്വന്തം ലേഖകൻ: മൂന്നാം മോദി മന്ത്രിസഭയില്‍ കേരളത്തില്‍ നിന്ന് രണ്ടുപേര്‍. തൃശൂര്‍ എംപി സുരേഷ് ഗോപിയും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യനുമാണ് മന്ത്രിസഭയില്‍ എത്തുക എന്നാണ് സൂചന. സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാനായി സുരേഷ് ഗോപി ഡല്‍ഹിയിലേക്ക് തിരിച്ചിട്ടുണ്ട്. രാത്രി 7.15-ന് രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞ. നിയുക്ത മന്ത്രിമാര്‍ മോദി ഒരുക്കിയ ചായ സത്കാരത്തില്‍ പങ്കെടുത്തു.

ഡല്‍ഹിയിലെത്താന്‍ നരേന്ദ്ര മോദി നേരിട്ട് ക്ഷണിച്ചെന്നും മോദിയും അമിത് ഷായും പറയുന്നത് എന്തായാലും അനുസരിക്കുമെന്നും യാത്രയ്ക്ക് മുന്‍പ് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തില്‍ നിന്നുള്ള മന്ത്രിമാരുടെ ലിസ്റ്റില്‍ ജോര്‍ജ് കുര്യന്റെ പേര് ചര്‍ച്ചയായിരുന്നില്ല. അപ്രതീക്ഷിതമായാണ് അദ്ദേഹത്തിന്റെ മന്ത്രിസഭാ പ്രവേശനം. 2016 നിയമസഭ തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയ്ക്ക് എതിരെ സ്ഥാനാര്‍ഥിയായിട്ടുണ്ട്.

ചാനല്‍ ചര്‍ച്ചകളില്‍ ബിജെപിക്ക് വേണ്ടിയുള്ള സ്ഥിരം സാന്നിധ്യമാണ് ജോര്‍ജ് കുര്യന്‍. കേരളത്തിലെ ക്രിസ്ത്യന്‍ വിഭാഗങ്ങളെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കുന്നതിന്റെ ഭാഗമായാണ് ജോര്‍ജ് കുര്യന് മന്ത്രിസ്ഥാനം നല്‍കിയത് എന്നാണ് വിലയിരുത്തല്‍. ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ മുന്‍ വൈസ് ചെയര്‍മാനാണ്. കോട്ടയം കാണക്കാരി സ്വദേശിയാണ്.

സുരേഷ് ഗോപിക്ക് ക്യാബിനറ്റ് പദവിയോ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സ്ഥാനമോ ലഭിച്ചേക്കും എന്നാണ് സൂചന. തന്റെ സിനിമാ തിരക്കുകള്‍ സുരേഷ് ഗോപി നേതൃത്വത്തെ അറിയിച്ചിരുന്നെങ്കിലും മന്ത്രിസ്ഥാനം ഏറ്റെടുക്കാന്‍ പാര്‍ട്ടി നിര്‍ദേശിച്ചു എന്നാണ് സൂചന. പ്രധാന വകുപ്പുകളായ ആഭ്യന്തരം, ധനം, പ്രതിരോധം, വിദേശകാര്യം എന്നീ വകുപ്പുകള്‍ ബിജെപി തന്നെ കൈകാര്യം ചെയ്യും എന്നാണ് സൂചന. ഘടകക്ഷികളായ ഡിഡിപിക്കും ജെഡിയുവിനും രണ്ട് വീതം മന്ത്രിസ്ഥാനമാണ് നല്‍കിയിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.