സ്വന്തം ലേഖകന്‍: അമേരിക്കയുടെ തെക്കു പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ ചുഴലിക്കാറ്റ്, ജോര്‍ജിയയിലും മിസിസിപ്പിയിലുമായി 19 മരണം. നിരവധി പേര്‍ക്ക് പരുക്കേറ്റു. ജോര്‍ജിയ, മിസിസിപ്പി എന്നീ സംസ്ഥാനങ്ങളിലാണ് കാറ്റ് ഏറെ ദുരിതം വിതച്ചത്. ജോര്‍ജിയയില്‍ 14 പേരും മിസിസിപ്പിയില്‍ 5 പേരുമാണ് മരിച്ചതെന്ന് എമര്‍ജന്‍സി മാനേജ്‌മെന്റ്, ഹോംലാന്‍ഡ് സെക്യൂരിറ്റി ഏജന്‍സി എന്നിവ റിപ്പോര്‍ട്ട് ചെയ്യുന്നു. ജോര്‍ജിയയില്‍ സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
സതേണ്‍ കൂക് കൗണ്ടിയില്‍ മാത്രം എട്ടു പേരാണ് മരിച്ചത്. വന്‍ നാശനഷ്ടവും ഇവിടെ റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി മരങ്ങള്‍ നിലംപതിച്ചതായും വൈദ്യുതി ബന്ധം താറുമാറായതായും റിപ്പോര്‍ട്ടുണ്ട്. മേഖലയില്‍ ഇതുവരെ 10 സെന്റീമീറ്റര്‍ മഴയും ലഭിച്ചിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലെയും പ്രകൃതിക്ഷോഭം രൂക്ഷമായി ബാധിച്ച മേഖലകളില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കയാണ്.
സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായവും ട്രംപ് വാഗ്ദാനം ചെയ്തു. ചുഴലിക്കാറ്റില്‍ സംസ്ഥാനങ്ങളില്‍ വന്‍ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്ന് സംഭവത്തെക്കുറിച്ച് വൈറ്റ്ഹൗസില്‍ പ്രതികരിച്ച ട്രംപ് പറഞ്ഞു. ആവശ്യമായ എല്ലാ സഹായങ്ങളും ജോര്‍ജിയക്കും മിസിസിപ്പിക്കും ഫെഡറല്‍ സര്‍ക്കാര്‍ ലഭ്യമാക്കുമെന്നും പ്രസിഡന്റ് വ്യക്തമാക്കി.
ജോര്‍ജിയയില്‍ ഞായറാഴ്ച 14 പേര്‍ക്ക് ചുഴലിക്കാറ്റില്‍ ജീവന്‍നഷ്ടമായതായാണ് റിപ്പോര്‍ട്ട്. ഒരു ദിവസം മുഴുവന്‍ ചുഴലിക്കാറ്റ് നിലയ്ക്കാതെ തുടര്‍ന്നെന്ന് ജോര്‍ജിയന്‍ അധികൃതര്‍ വ്യക്തമാക്കി. പുലര്‍ച്ചെ ആരംഭിച്ച കാറ്റ് രാത്രിയും തുടരുകയായിരുന്നു. ശനിയാഴ്ചയാണ് മിസിസിപ്പിയില്‍ നാലു പേര്‍ക്ക് ചുഴലിക്കാറ്റില്‍ ജീവന്‍ നഷ്ടമായത്. നിരവധി വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. മരങ്ങള്‍ വ്യാപകമായി കടപുഴകി വീണു. വടക്കന്‍ കരോലിന, തെക്കന്‍ കരോലിന, വടക്കന്‍ ഫ്‌ളോറിഡ തുടങ്ങിയ മേഖലകളിലും ചുഴലിക്കാറ്റ് നാശംവിതച്ചു.
കനത്ത കാറ്റില്‍ പെട്ടെന്ന് വീട് തകര്‍ന്നുവീഴുകയായിരുന്നൂവെന്ന് ജോര്‍ജിയയിലെ ഏറ്റവും വലിയ പട്ടണമായ അല്‍ബനി സ്വദേശി നോര്‍മ ഫോര്‍ഡ് വ്യക്തമാക്കി.
തെക്കന്‍ ജോര്‍ജിയയിലെ ഏഴ് കൗണ്ടികളില്‍ ജോര്‍ജിയന്‍ ഗവര്‍ണര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കയാണ്. ജനുവരി മാസങ്ങളില്‍ മേഖലയില്‍ ഇത്തരം ഒരു പ്രകൃതിക്ഷോഭം പതിവില്ലെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ നല്‍കുന്ന സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല