ജോര്‍ജിയയില്‍ കനത്തമഴയിലും വെള്ളപ്പൊക്കത്തിലും തകര്‍ന്ന മൃഗശാലയില്‍നിന്നും പുറത്തുവിട്ട കടുവ ഒരാളെ കടിച്ചുകൊന്നു, മറ്റൊരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ജോര്‍ജിയയിലെ ടിബിലിസിയിലാണ് അപകടം നടന്നത്.
വെള്ളക്കടുവയാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആളുകളെ ആക്രമിക്കുന്ന കടുവ അപകടകാരിയാണെന്ന് കണ്ടതിനെ തുടര്‍ന്ന് അധികൃതര്‍ ഇതിനെ വെടിവെച്ചുകൊന്നു. കടുവയെ കൊന്നകാര്യം ജോര്‍ജ്ജിയന്‍ ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.
മൃഗശാലയില്‍നിന്നും രക്ഷപ്പെട്ട സിംഹങ്ങളും കടുവകളും ചത്തതായാണ് മൃഗശാല അധികൃതര്‍ നേരത്തെ അറിയിച്ചത്. എന്നാല്‍ മൃഗശാലയില്‍ നിന്നും പുറത്തു ചാടിയ കടുവ ഒരാളെ കൊലപ്പെടുത്തിയ സാഹചര്യത്തില്‍ കര്‍ശന ജാഗ്രത നിര്‍ദ്ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഏകദേശം 600 മൃഗങ്ങള്‍ മൃഗശാലയില്‍ നിന്നും രക്ഷപ്പെട്ടതായാണ് ഔദ്യോഗിക വിവരം. നേരത്തെ പുറത്തു ചാടിയ കരടികളേയും ചെന്നായ്ക്കളേയും ഒരു ഹിപ്പോയേയും നഗരത്തില്‍ നിന്നും പിടികൂടി മൃഗശാലയില്‍ തിരിച്ചെത്തിച്ചിരുന്നു. എന്നാല്‍ കാണാതായ നിരവധി മൃഗങ്ങള്‍ ഇപ്പോഴും നഗരത്തിലുണ്ടെന്നാണ് വിവരം. ശനിയാഴ്ചയാണ് കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൃഗശാല തകര്‍ന്നത്. വെള്ളപ്പൊക്കത്തില്‍ 19 പേര്‍ കൊല്ലപ്പെടുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല