സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തശി മിഷിഗണില്‍ അന്തരിച്ചു. 116 മത്തെ ജന്മദിനം ആഘോഷിച്ചതിനു തൊട്ടുപിന്നാലെയാണ് ലോക മുത്തശിയായ ജെറാലിന്‍ ടാലി യാത്രയായത്. ഹൃദയാഘാതത്തെ തുടര്‍ന്ന് മിഷിഗണിലായിരുന്നു അന്ത്യം.
ജെറന്റോളജി റിസര്‍ച്ച് ഗ്രൂപ്പിന്റെ പഠനപ്രകാരം ലോകത്ത് ജീവിക്കുന്നവരില്‍ പ്രായം കൂടിയ വ്യക്തിയായിരുന്നു ജെറാലിന്‍ ടാലി. മുത്തശിയെ കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നും അലട്ടിയിരുന്നില്ലെന്നും പെട്ടെന്നുണ്ടായ മരണം ഞെട്ടിപ്പിച്ചുവെന്നും ജെറന്റോളജി റിസര്‍ച്ച് ഗ്രൂപ്പ് ഹെഡ് റോബര്‍ട്ട് യോങ് പ്രതികരിച്ചു.
ജീവിതം ആഘോഷിച്ചതിന് ശേഷമാണ് അമ്മയെ ദൈവം മടക്കി വിളിച്ചതെന്നായിരുന്നു മകള്‍ തെല്‍മയുടെ പ്രതികരണം. 1899 മെയ് 23 നു ജോര്‍ജിയയില്‍ ജനിച്ച ജെറാലിന്‍ 1935 ലാണ് ഭര്‍ത്താവ് ആല്‍ഫ്രഡ് ടാലിക്കൊപ്പം മിഷിഗണിലെത്തിയത്. ഭര്‍ത്താവിന്റെ മരണ ശേഷം മകള്‍ തെല്‍മക്കൊപ്പമായിരുന്നു താമസം.
സ്‌നേഹത്തോടെയുള്ള പെരുമാറ്റമാണ് തന്റെ ദീര്‍ഘായുസിന്റെ രഹസ്യമെന്നായിരുന്നു ജെറാലിന്‍ മുത്തശി പറഞ്ഞിരുന്നത്. 116 മത്തെ ജന്മദിനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുള്‍പ്പടെയുള്ള പ്രമുഖര്‍ മുത്തശിക്ക് ആശംസകള്‍ നേര്‍ന്നിരുന്നു. അലബാമയില്‍ നിന്നുള്ള 115 കാരി സൂസന്ന ജോണ്‍സ് ആയിരിക്കും അടുത്ത ലോക മുത്തശി സ്ഥാനത്തിന് അവകാശിയാകുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല