സ്വന്തം ലേഖകന്‍: ബെര്‍ലിനിലെ ക്രിസ്മസ് ചന്തയില്‍ നടന്നത് ഭീകരാക്രമണം, ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ജര്‍മന്‍ തലസ്ഥാനമായ ബെര്‍ലിനില്‍ ക്രിസ്മസ് ചന്തയിലേക്ക് ട്രക്ക് പാഞ്ഞുകയറിയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുക്കുന്നതായി ഐഎസുമായി ബന്ധമുള്ള അമഖ് വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായത് യഥാര്‍ഥ പ്രതിയാണോയെന്ന സംശയം ബലപ്പെടുകയാണ്. പിടിയിലായ പാക് യുവാവ് കുറ്റം നിഷേധിച്ചു. പാക് പൗരനും ഇപ്പോള്‍ ജര്‍മനിയില്‍ അഭയാര്‍ഥിയുമായ നവേദിനെയാണ് (23) പോലീസ് കസ്റ്റഡിയിലെടുത്തിരുന്നത്.
തിങ്കളാഴ്ച വൈകുന്നേരം ഏഴോടെ ജര്‍മന്‍ തലസ്ഥാനമായ ബെര്‍ലിനില്‍ തിരക്കേറിയ ക്രിസ്മസ് ചന്തയിലേക്കു ട്രക്ക് പാഞ്ഞുകയറി 12 പേരാണ് കൊല്ലപ്പെട്ടത്. ബെര്‍ലിനിലെ കെയ്‌സര്‍ വില്‍ഹം പള്ളിക്ക് സമീപമുള്ള മാര്‍ക്കറ്റിലായിരുന്നു സംഭവം. ആക്രമണത്തില്‍ 48 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
കറുത്ത വലിയ ട്രക്കാണ് തിങ്കളാഴ്ച ബെര്‍ലിനിലെ ക്രിസ്മസ് ചന്തയിലെ ആള്‍ക്കൂട്ടത്തിന് ഇടയിലേക്ക് ഓടിച്ചുകയറ്റിയത്. ‘ഭീകരാക്രമണ’മെന്നാണ് വൈറ്റ് ഹൗസ് സംഭവത്തെ വിശേഷിപ്പിച്ചത്. ആക്രമണത്തിലേക്കാണ് എല്ലാ വിരലുകളും ചൂണ്ടുന്നതെങ്കിലും ആ വാക്ക് ഇപ്പോള്‍ ഉപയോഗിക്കുന്നില്ലെന്നായിരുന്നു ജര്‍മ്മന്‍ മന്ത്രി തോമസ് ഡി മയ്‌ഷെരെ പ്രതികരിച്ചത്.
സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം നടക്കുകയാണ്. പോളിഷ് നമ്പര്‍ പ്ലേറ്റുകളോടുകൂടിയ സ്‌കാനിയ ട്രക്കാണ് ആക്രമണത്തിനായി ഉപയോഗിച്ചത്.
അതിവേഗത്തില്‍ ആള്‍ക്കാര്‍ക്ക് ഇടയിലേക്ക് ട്രക്ക് ഓടിച്ചു കയറ്റുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷി മൊഴി. ട്രക്കിന്റെ യാത്രക്കാരുടെ സീറ്റിന് സമീപത്ത് നിന്ന് ഒരു മൃതദേഹം കണ്ടെത്തിയിരുന്നു.
സംഭവത്തിന് പിന്നില്‍ ഒരു പാകിസ്താനി സ്വദേശിയാണ് എന്ന വാര്‍ത്ത ജര്‍മന്‍ അധികൃതരെ കൂടുതല്‍ ആശങ്കാകുലരാക്കുകയാണ്. അഭയാര്‍ത്ഥിയായ വ്യക്തിയാണ് ആക്രമണത്തിന് പിന്നിലെന്ന് തെളിഞ്ഞാല്‍ വലിയ പ്രതിസന്ധിയാണ് ജര്‍മ്മനിയില്‍ ഉടലെടുക്കുക. മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള അഭയാര്‍ത്ഥി പ്രവാഹത്തിനെതിരെ വംശീയവിദ്വേഷം ശക്തമായി നിലനില്‍ക്കുന്ന രാജ്യമാണ് ജര്‍മ്മനി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല