സ്വന്തം ലേഖകന്‍: യസീദി ബാലിക ദാഹിച്ചു പൊരിഞ്ഞ്ഞ് മരിക്കാന്‍ അനുവദിച്ച ജര്‍മന്‍കാരിക്ക് എതിരേ യുദ്ധക്കുറ്റം. അഞ്ചുവയസുകാരി യസീദി ബാലികയെ പൊരിവെയിലത്ത് ദാഹിച്ചു മരിക്കാന്‍ വിട്ട ജര്‍മന്‍കാരിക്ക് എതിരേ കേസെടുത്തു. ഐഎസില്‍ അംഗമായ ജന്നിഫര്‍ ഡബ്ല്യു എന്ന ഇരുപത്തേഴുകാരിക്ക് എതിരേ കൊലക്കുറ്റം, യുദ്ധക്കുറ്റം എന്നിവ ചുമത്തി മ്യൂനിക്ക് കോടതിയില്‍ വിചാരണ തുടങ്ങി.
2013ല്‍ ഇസ്‌ലാം മതവിശ്വാസം സ്വീകരിച്ച ജന്നിഫര്‍ അടുത്തവര്‍ഷം ഇറാക്കിലെത്തി ഐഎസില്‍ ചേരുകയായിരുന്നുവെന്നു പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. ശരിഅത്ത് നിയമം കൃത്യമായി നടപ്പാക്കാന്‍ നിയുക്തമായ പ്രത്യേക പോലീസ് വിഭാഗത്തിലെ ജോലിക്കാരായിരുന്നു ജന്നിഫറും ഭര്‍ത്താവ് താഹയും. 2015ല്‍ മൊസൂളിലെ വീട്ടില്‍ അടിമപ്പണിക്കായി യസീദി ബാലികയെയും മാതാവിനെയും ദന്പതികള്‍ വിലകൊടുത്തു വാങ്ങി.
ബാലിക കിടക്കയില്‍ മൂത്രമൊഴിച്ചതിനെത്തുടര്‍ന്ന് താഹ അവളെ വീടിനുവെളിയില്‍ പൊരിവെയിലത്ത് ചങ്ങലയ്ക്കിട്ടെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചു. വെള്ളം നല്‍കാന്‍ താഹയോ ഭാര്യയോ സമ്മതിച്ചില്ല. ജലപാനമില്ലാതെ മൂന്നാംദിവസം ഈ കുരുന്നു മരിച്ചു. കുട്ടിയുടെ മാതാവിനെ പ്രതിനിധീകരിച്ച് കേസ് വാദിക്കുന്നത് ലണ്ടനിലെ പ്രമുഖ മനുഷ്യാവകാശ അഭിഭാഷകന്‍ അമല്‍ ക്ലൂണി ഉള്‍പ്പെട്ട സംഘമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല