സ്വന്തം ലേഖകന്‍: സഹപ്രവര്‍ത്തകര്‍ക്കു മുന്നില്‍ വീരനായകനാകാന്‍ രോഗികള്‍ക്ക് അധിക ഡോസില്‍ മരുന്ന് കുത്തിവക്കും, രോഗി ജീവനായി പിടയുമ്പോള്‍ കൃത്രിമ ശ്വാസോച്ഛാസം നല്‍കി രക്ഷിക്കും, ജര്‍മനിയിലെ നഴ്‌സസിന്റെ വികൃതി 90 പേരുടെ ജീവനെടുത്തു. രണ്ടു രോഗികളെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന നീല്‍സ് ഹോഗല്‍ എന്ന പ്രതിയെക്കുറിച്ചു നടത്തിയ കൂടുതല്‍ അന്വേഷണമാണ് ഞെട്ടിക്കുന്ന കണ്ടെത്തലുകളിലേക്ക് നയിച്ചത്.
അന്വേഷണത്തില്‍ 90 രോഗികളെ ഇയാള്‍ ഈ രീതിയില്‍ കൊന്നതായി വ്യക്തമായി. രോഗികള്‍ക്ക് മാരകമായ ഡോസില്‍ മരുന്നു കുത്തിവച്ച് ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലാക്കുകയായിരുന്നു ഇയാളുടെ രീതി. രോഗികള്‍ തളര്‍ന്നുവീഴുന്‌പോള്‍ കൃത്രിമ ശ്വാസോച്ഛാസം നല്‍കി രക്ഷിക്കും. ഈ രീതിയില്‍ സഹപ്രവര്‍ത്തകരുടെ പ്രീതി പിടിച്ചുപറ്റാനായിരുന്നു നീല്‍സ് ഹോഗല്‍ എന്ന നാല്പതുകാരന്റെ ശ്രമം.
എന്നാല്‍ 90 രോഗികളെങ്കിലും കൊല്ലപ്പെട്ടതിനു തെളിവുണ്ടെന്നു ചീഫ് പോലീസ് ഇന്‍വെസ്റ്റിഗേറ്റര്‍ ആര്‍നേ ഷ്മിഡ്റ്റ് പത്രസമ്മേളനത്തില്‍ അറിയിച്ചു. തെളിവു ശേഖരിക്കാനാവാത്ത മറ്റു 90 കേസുകളും ഉണ്ട്. ഏതാനും കേസുകളില്‍ അന്വേഷണം നടക്കുന്നു. യുദ്ധാനന്തര ജര്‍മനിയിലെ ഏറ്റവും വലിയ കൊലപാതക പരമ്പരയാണിതെന്ന് ജര്‍മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഓള്‍ഡന്‍ബര്‍ഗ്, ഡെല്‍മന്‍ഹോസ്റ്റ് പട്ടണങ്ങളിലെ ആശുപത്രികളില്‍ ജോലി ചെയ്യുമ്പോഴാണു പ്രതി കൊലപാതകങ്ങള്‍ നടത്തിയത്.
നിരവധി കേസുകളില്‍ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും എല്ലാ കേസുകളും ഓര്‍ക്കാന്‍ കഴിയുന്നില്ലെന്നു പറഞ്ഞെന്നും പോലീസ് വ്യക്തമാക്കി. രോഗികളെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരാന്‍ സാധിച്ച അവസരത്തില്‍ താന്‍ അത്യധികം ആനന്ദം അനുഭവിച്ചിരുന്നുവെന്നും പ്രതി വെളിപ്പെടുത്തി. സഹപ്രവര്‍ത്തകരുടെ മുന്നില്‍ വീരനായകനാവാനും സാധിച്ചു. നീല്‍സിന്റെ മാനസികാവസ്ഥ അറിഞ്ഞിട്ടും കൊലപാതകങ്ങള്‍ തടയാന്‍ ശ്രമിക്കാത്തതിന് ആറു സഹപ്രവര്‍ത്തകര്‍ക് എതിരേയും കേസെടുത്തിട്ടുണ്ടെന്നു അധികൃതര്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല