സ്വന്തം ലേഖകന്‍: 2002 ജനുവരി 1 മുതലാണ് ജര്‍മ്മനിയില്‍ യൂറോ കറന്‍സി പ്രാബല്യത്തില്‍ വന്നത്, തുടര്‍ന്ന് അതുവരെ ഉപയോഗിച്ചിരുന്ന ജര്‍മ്മന്‍ കറന്‍സി മാര്‍ക്ക്, യൂറോ ആയി ജര്‍മന്‍ റിസര്‍വ് ബാങ്ക് ഉള്‍പ്പടെയുള്ള ബാങ്കുകള്‍ മാറ്റി നല്‍കുകയും ചെയ്തു. എന്നാല്‍ ജര്‍മന്‍ റിസര്‍വ് ബാങ്കിന്റെ കണക്ക് പ്രകാരം പന്ത്രണ്ട് വര്‍ഷം കഴിഞ്ഞിട്ടും പതിനൊന്ന് മില്യാര്‍ഡന്‍ ജര്‍മന്‍ മാര്‍ക്ക് കറന്‍സി യൂറോയാക്കി മാറ്റാതെ ബാക്കിയുണ്ട്.
ഈ മാര്‍ക്ക് കറന്‍സി ഇതുവരേയും കണ്ടെത്തെനായിട്ടില്ല. അതേസമയം കഴിഞ്ഞ ദിവസം ബാഡന്‍വ്യൂട്ടന്‍ബെര്‍ഗ് സംസ്ഥാനത്തെ ഗയ്‌ബെര്‍ഗ് എന്ന ഗ്രാമത്തില്‍ പിന്‍വലിക്കപ്പെട്ട ജര്‍മന്‍ മാര്‍ക്ക് ജനങ്ങള്‍ സാധാരണ മട്ടില്‍ വിനിമയത്തിന് ഉപയോഗിക്കുന്നത് ഒരു ജര്‍മന്‍ മാദ്ധ്യമം കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്തു.
ജര്‍മന്‍ മാര്‍ക്ക് വിപണിയില്‍ നിന്ന് പുറത്താക്കപ്പെട്ടിട്ടും യാതൊരു നിയന്ത്രണവുമില്ലാതെ കൈയില്‍ വച്ചു കൊണ്ട് അവിടുത്തെ നാട്ടുകാരും കച്ചവടക്കാരും നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നുവെന്നാണ് വാര്‍ത്ത പുറത്തു കൊണ്ടുവന്ന മാധ്യമം പറയുന്നെ. മാത്രമല്ല യൂറോ കറന്‍സിയെ ഇത്രയും നാളുകള്‍ പിന്നിട്ടിട്ടും ഒരു വിഭാഗം ജര്‍മന്‍കാര്‍ മാനസികമായി അംഗീകരിച്ചിട്ടില്ല എന്നതാണെന്നും വാര്‍ത്തയില്‍ പറയുന്നു.
ഇപ്പോഴത്തെ യൂറോ പ്രതിസന്ധിയെ അതിജീവിക്കാന്‍ യൂറോ കറന്‍സി രാജ്യങ്ങള്‍ക്ക് കഴിയില്ലെന്നും പഴയ ജര്‍മന്‍ മാര്‍ക്ക് തിരികെ വരുമെന്നും ഇവര്‍ വിശ്വസിക്കുന്നു. ഈ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ ശിക്ഷണ നടപടി ഉണ്ടാകുമെന്ന് ജര്‍മന്‍ ആഭ്യന്തര വകുപ്പും, യൂറോപ്യന്‍ കറന്‍സി യൂണിയനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല