സ്വന്തം ലേഖകന്‍: മെര്‍ക്കലോ ഷൂള്‍സോ, ജര്‍മനി ഇന്ന് പോളിംഗ് ബൂത്തിലേക്ക്, മെര്‍ക്കലിന്റെ അനായാസ ജയം പ്രവചിച്ച് അഭിപ്രായ സര്‍വേ ഫലങ്ങള്‍. പുതിയ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനായി ജര്‍മന്‍ ജനത ഞായറാഴ്ച പോളിംഗ് ബൂത്തിലേക്ക് നീങ്ങുമ്പോള്‍ നിലവിലെ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ നാലാമൂഴത്തിനായി മത്സരത്തിനിറങ്ങുന്നു എന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത. സര്‍വേ ഫലങ്ങള്‍ വിശ്വസിക്കാമെങ്കില്‍ ജര്‍മനിയില്‍ ഞായറാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പില്‍ മെര്‍ക്കല്‍ ജയിക്കും.
ജയിച്ചു കയറിയാല്‍ നീണ്ട 16 വര്‍ഷം ജര്‍മനിയെ നയിക്കാനുള്ള നിയോഗമാണ് മെര്‍ക്കലിനെ കാത്തിരിക്കുന്നത്. മുന്‍ യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് പ്രസിഡന്റും സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ (എസ്പിഡി) ടിക്കറ്റില്‍ മത്സരിക്കുന്ന മാര്‍ട്ടിന്‍ ഷൂള്‍സാണ് മെര്‍ക്കലിന്റെ പ്രധാന എതിരാളി. ഡീ ലിങ്ക്, ഫ്രീ ഡെമോക്രാറ്റ്‌സ് (എഫ്ഡിപി), ദി ഗ്രീന്‍സ്, ആള്‍ട്ടര്‍നേറ്റിവ് ഫോര്‍ ഡോയ്ച്ച്‌ലാന്‍ഡ് (എഎഫ്ഡി) എന്നീ പാര്‍ട്ടികളും മത്സരരംഗത്തുണ്ട്.
ഫ്രാന്‍സ് തെരഞ്ഞെടുപ്പിനും ബ്രെക്‌സിറ്റിനും ശേഷം യൂറോപ്പ് ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പാണ് ജര്‍മന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്. രാജ്യത്തെ സാമ്പത്തികനില ഭദ്രമാക്കാന്‍ മെര്‍ക്കലിന് കഴിഞ്ഞിട്ടുണ്ടെങ്കിലും 2015ലെ അഭയാര്‍ഥി പ്രതിസന്ധിയെ തുടര്‍ന്ന് അവരുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞിരുന്നു. ക്രിസ്റ്റ്യന്‍ ഡെഡെമോക്രാറ്റിക് യൂണിയന്‍ (സിഡിയു) സ്ഥാനാര്‍ഥിയായ മെര്‍ക്കലിന്റെ വിജയമാണ് യൂറോപ്യന്‍ യൂണിയന്‍ ആഗ്രഹിക്കുന്നതെന്നാണ് സൂചന.
മെര്‍കലിന് വെല്ലുവിളിയുയര്‍ത്തുന്ന സ്ഥാനാര്‍ഥിയെ രംഗത്തിറക്കുന്നതില്‍ മറ്റു പാര്‍ട്ടികള്‍ പരാജയപ്പെട്ടതായാണ് പൊതുവെ വിലയിരുത്തല്‍. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനോടും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനോടും നേര്‍ക്കുനേരെ നില്‍ക്കാല്‍ കരുത്തുള്ള ഉരുക്കു വനിത എന്ന പ്രതിഛായ മെര്‍ക്കലിന് തുണയാകുമെന്നാണ് കണക്കുകൂട്ടല്‍. എന്നാല്‍ അഭയാര്‍ഥി നയത്തില്‍ മെര്‍ക്കലിനെ നിലപാടുകളെ തുടര്‍ന്ന് വോട്ടുനിലയില്‍ ഇടിവുണ്ടായെന്നു വരാം. മെര്‍കലിന്റെ തുറന്നവാതില്‍ നയംമൂലം യുദ്ധമുഖത്തു നിന്നുള്ള 10 ലക്ഷത്തോളം അഭയാര്‍ഥികളാണ് ജര്‍മനിയിലെത്തിയത്.
ആറുകോടി വോട്ടര്‍മാരാണ് ജര്‍മനിയില്‍. രണ്ടു വോട്ട് ചെയ്യാനുള്ള ബാലറ്റ് പേപ്പറാണ് വോട്ടര്‍മാര്‍ക്ക് ലഭിക്കുന്നത്. ഒന്ന്, പ്രാദേശിക പ്രതിനിധിയെ തെരഞ്ഞെടുക്കാന്‍, രണ്ടാമത്തേത് പാര്‍ട്ടിയെ തെരഞ്ഞെടുക്കാനുള്ളത്. ജര്‍മനിയുടെ സുസ്ഥിരതക്കായി തന്നെ വിജയിപ്പിക്കണം എന്നായിരുന്നു മെര്‍ക്കലിന്റെ ആഹ്വാനം. എന്നാല്‍ ഉറക്കഗുളിക പോലുള്ള രാഷ്ട്രീയം തിരസ്‌കരിക്കണമെന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു ഷൂള്‍സിന്റെ മറുപടി. ആരുടെ വിളിയാണ് ജര്‍മന്‍കാര്‍ ഞായറാഴ്ച കേള്‍ക്കുകയെന്ന കൗതുകത്തിലാണ് ലോകം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല