സ്വന്തം ലേഖകന്‍: ജര്‍മനിയില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 24 ന്, ചാന്‍സലര്‍ ആംഗല മെര്‍ക്കലിന് നാലാം ഊഴം ലഭിച്ചേക്കുമെന്ന് സൂചന. സെപ്റ്റംബര്‍ 24 ന് പൊതു തെരഞ്ഞെടുപ്പ് നടത്താന്‍ ആഭ്യന്തര മന്ത്രി തോമസ് ഡി മെയ്‌സ്യറെ മുന്നോട്ടുവച്ച നിര്‍ദേശം ജര്‍മന്‍ മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു. പ്രസിഡന്റ് ജോവാഹിം ഗൗക്ക് ഇക്കാര്യം ഔപചാരികമായി പ്രഖ്യാപിക്കുന്നതോടെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ക്ക് തുടക്കമാകും.
ജര്‍മന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 39 പ്രകാരമാണ് പൊതുതെരഞ്ഞെടുപ്പ് . പാര്‍ലമെന്റിലേയ്ക്ക് 598 അംഗങ്ങളെയാണ് നേരിട്ട് തെരഞ്ഞെടുക്കുന്നത്. 299 അംഗങ്ങള്‍ ലഭിക്കുന്ന പാര്‍ട്ടിക്കോ മുന്നണിക്കോ നാലു വര്‍ഷത്തെ കാലാവധിയില്‍ രാജ്യം ഭരിക്കാം. ഇതുവരെയായി പുതിയ സഖ്യങ്ങള്‍ ഒന്നും രൂപപ്പെട്ടിട്ടില്ലാത്തതിനാല്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിന് നാലാം ഊഴം ലഭിക്കുമെന്നാണ് സൂചന,
നേരത്തെ സെപ്റ്റംബര്‍ 17 എന്ന തീയതിയും തെരഞ്ഞെടുപ്പിനായി പരിഗണിച്ചിരുന്നെങ്കിലും ബവേറിയയിലെ വേനലവധിയുമായി അകലം കുറവാണെന്ന കാരണത്താല്‍ ഇതു തള്ളുകയായിരുന്നു. ഞായറാഴ്ചയോ പൊതു അവധി ദിവസമോ തന്നെ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ജര്‍മ്മന്‍ നിയമം.
അഭയാര്‍ഥി പ്രശ്‌നങ്ങള്‍ കത്തിനില്‍ക്കുന്ന സമയത്താണ് രാജ്യം തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ ഒരുങ്ങുന്നത്. മാര്‍ച്ചു മുതല്‍ രാജ്യത്തെത്തുന്ന അഭയാര്‍ഥികളെ ഗ്രീസിലേക്ക് നാടുകടത്തുമെന്ന് നേരത്തെ ജര്‍മനി പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ മോശം അവസ്ഥയാണ് ഇതിന് കാരണമായി ജര്‍മനി ചൂണ്ടിക്കാണിക്കുന്നത്. ജര്‍മനി അഭയാര്‍ഥിത്വ അപേക്ഷ നിരസിക്കുന്നവരെ തിരികെ സ്വീകരിക്കാന്‍ വിസമ്മതിക്കുന്ന രാജ്യങ്ങള്‍ക്കു മേല്‍ സമ്മര്‍ദം ശക്തമാക്കാനും തീരുമാനമായി. അഭയാര്‍ഥികളെ തിരികെ സ്വീകരിക്കാത്ത രാജ്യങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം നിര്‍ത്തിവയ്ക്കാനാണ് ഉദ്ദേശിക്കുന്നത്.
അഭയാര്‍ഥിത്വം നിരസിക്കപ്പെട്ടവരും അപകടകാരികളുമായവരെ കൂടുതല്‍ എളുപ്പത്തില്‍ കസ്റ്റഡിയിലെടുക്കാനും നാടുകടത്താനും സാധിക്കുന്ന വിധത്തില്‍ നിയമം ഭേദഗതി ചെയ്യും. അഭയാര്‍ഥികളും നാട്ടുകാരും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ രാജ്യത്ത് വര്‍ദ്ധിച്ചു വരുന്നതും മെര്‍ക്കലിന്റെ അഭയാര്‍ഥികളോടുള്ള മൃദു സമീപനവുമാണ് കടുത്ത നടപടികളിലേക്ക് ജര്‍മനിയെ നയിച്ചത്. ഇവയെല്ലാം തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല