1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 22, 2024

സ്വന്തം ലേഖകൻ: ചരിത്രപരമായ ഇരട്ട പൗരത്വ പരിഷ്കരണം പാര്‍ലമെന്റ് വെള്ളിയാഴ്ച പാസാക്കിയതോടെ ജര്‍മനി ഇരട്ട പൗരത്വം അംഗീകരിച്ചു. യൂറോപ്യന്‍ യൂണിയന്‍ ഇതര പൗരന്മാര്‍ക്ക് പൗരത്വ പ്രക്രിയ എളുപ്പമാക്കാനും തീരുമാനിച്ചു. ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്റെ ത്രികക്ഷി സഖ്യത്തിലെ എല്ലാ കക്ഷികളും– സോഷ്യല്‍ ഡമോക്രാറ്റുകള്‍ (എസ്പിഡി), ഗ്രീന്‍സ്, ഫ്രീ ഡമോക്രാറ്റുകള്‍ (എഫ്ഡിപി), പ്രതിപക്ഷമായ ക്രിസ്ത്യന്‍ ഡമോക്രാറ്റുകള്‍ (സിഡിയു), ക്രിസ്ത്യന്‍ സോഷ്യല്‍ യൂണിയന്‍ (സിഎസ്യു) എന്നീ പാര്‍ട്ടികൾ– നിയമത്തിന് അനുകൂലമായി വോട്ട് ചെയ്തു. എന്നാല്‍ തീവ്ര വലതുപക്ഷ ബദല്‍ ജര്‍മനി ബില്ലിനെതിരെ വോട്ട് ചെയ്തു.

ആകെയുള്ള 639 എംപിമാരിൽ 382 പേര്‍ ബില്ലിനെ അനുകൂലിച്ചും 243 പേര്‍ എതിര്‍ത്തും വോട്ട് ചെയ്തപ്പോൾ 23 പേര്‍ വിട്ടുനിന്നു. പുതിയ പരിഷ്കരണമനുസരിച്ച്, നിയമപരമായി ജർമ്മനിയില്‍ താമസിക്കുന്ന കുടിയേറ്റക്കാര്‍ക്ക് അഞ്ചു വര്‍ഷത്തിനു ശേഷം പൗരത്വത്തിന് അപേക്ഷിക്കാം. നിലവിലിത് എട്ടു വര്‍ഷമാണ്.

കാരുണ്യ, സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നേട്ടങ്ങള്‍ കൈവരിച്ച് സര്‍ക്കാരിന്റെ പട്ടികയില്‍ ഇടംപിടിച്ചാൽ അഞ്ചു വര്‍ഷമെന്നത് മൂന്നു വര്‍ഷമായി ചുരുങ്ങും. കൂടാതെ മാതാപിതാക്കളില്‍ ഒരാള്‍ അഞ്ചോ അതിലധികമോ വര്‍ഷമായി രാജ്യത്ത് നിയമപരമായി താമസിക്കുന്നവരാണങ്കില്‍ അവര്‍ക്ക് ജർമ്മനിയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് സ്വയമേവ ജർമന്‍ പൗരത്വം ലഭിക്കും.

67 വയസ്സിനു മുകളിലുള്ള കുടിയേറ്റക്കാര്‍ക്ക് ജര്‍മന്‍ ഭാഷയുടെ എഴുത്തു പരീക്ഷയ്ക്ക് പകരം വാചാ പരീക്ഷ മതിയാവും. ഒന്നിലധികം പൗരത്വം ജർമ്മനി അനുവദിക്കുമെങ്കിലും ജര്‍മനിയിലെ ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ ഭരണകൂടം അനുവദിക്കാത്ത പക്ഷം നിയമം ബാധകമാകില്ല. വംശീയ വിദ്വേഷമോ അപകീര്‍ത്തികരമായ മറ്റു കുറ്റകൃത്യങ്ങളോ ചെയ്തവർക്ക് ജർമന്‍ പൗരത്വം നിഷേധിക്കപ്പെടും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.