സ്വന്തം ലേഖകൻ: കോവിഡ് കാരണം ജർമനിയിലെ ആശുപത്രികള്‍ നഴ്സുമാരില്ലാതെ ബുദ്ധിമുട്ടുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി കോവിഡ് കാരണം ജോലിക്കാരില്‍ ഭൂരിഭാഗവും രോഗ ബാധിതരായത് ആശുപത്രികളുടെ ദൈനംദിന പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചതായി സര്‍ക്കാര്‍ ആരോഗ്യവകുപ്പം മാനേജ്മെന്റും വ്യക്തമാക്കി.
ഏതാണ്ട് രണ്ടു ലക്ഷത്തിലധികം നഴ്സുമാരുടെ കുറവാണ് നിലവില്‍ ജര്‍മനിയില്‍ ഉണ്ടായിരിയ്ക്കുന്നത്. ജർമനിയില്‍ കോവിഡ് അണുബാധകള്‍ കുതിച്ചുയരുകയാണ്, രോഗികളായവരെയോ ക്വാറന്റീനിൽ കഴിയുന്നവരേയും ജോലിക്ക് വിളിക്കേണ്ടി വരുന്ന അവസ്ഥയാണിപ്പോള്‍. ജര്‍മനിയിലെ ഏതാണ്ട് 75 ശതമാനം ആശുപത്രികളിലും സമാനമായ സാഹചര്യമാണ് ഉള്ളത്.
സമീപകാല കാര്‍ണിവല്‍ ആഘോഷങ്ങളെത്തുടര്‍ന്ന് നോര്‍ത്ത് റൈന്‍ വെസ്ററ്ഫാലിയ സംസ്ഥാനത്ത് കോവിഡ് അണുബാധയുടെ വർധനവ് ഉണ്ടായി. ക്വാറന്റീനും ഐസൊലേഷനും കാരണം ജീവനക്കാരുടെ അഭാവം ആശങ്ക സൃഷ്ടിക്കുന്നതായി ജർമന്‍ ഹോസ്പിറ്റല്‍ ഫെഡറേഷന്റെ ചെയര്‍മാന്‍ വെളിപ്പെടുത്തി. ക്വാറന്റീനും ഐസൊലേഷനും കാരണം ജീവനക്കാരുടെ അഭാവത്തില്‍ രാജ്യവ്യാപകമായി പ്രശ്നമുണ്ടന്ന് ആശുപത്രികളുമായി ബന്ധപ്പെട്ട മറ്റൊരു സംഘടന അറിയിച്ചു.
അതിനിടെ ബെല്‍ജിയത്തിനു പിന്നാലെ ജര്‍മനിയിലേക്കും നഴ്സിങ് റിക്രൂട്ട്മെന്റ് നടപടികളുമായി കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഓവര്‍സീസ് ഡെവലപ്മെന്റ് ആന്‍ഡ് എംപ്ളോയ്മെന്റ് പ്രമോഷന്‍ കണ്‍സല്‍ട്ടന്റ് ലിമിറ്റഡ് (ഒഡെപെക്) രംഗത്തുവന്നു. തൊഴില്‍ നൈപുണ്യവും വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഒഡെപെകിന്റെ സൗജന്യ ജർമന്‍ റിക്രൂട്ട്മെന്റ് പ്രോഗ്രാമിന്റെ സംസ്ഥാനതല ഉദ്ഘാടനം വി. ശിവന്‍കുട്ടി തിരുവനന്തപുരത്ത് മാര്‍ച്ച് 22 ന് നിര്‍വഹിച്ചു.
റിക്രൂട്ട്മെന്റ് പ്രോഗ്രാം വഴി ഈ മേഖലയിലെ തട്ടിപ്പുകള്‍ ഒരു പരിധിവരെ തടയാന്‍ പൊതുമേഖലാ സ്ഥാപനമായ ഒഡെപെകിന്റെ ഇടപെടലിന് കഴിയുമെന്ന് മന്ത്രി വ്യക്തമാക്കി. ചടങ്ങില്‍ ഗതാഗത മന്ത്രി അഡ്വ. ആന്റണി രാജു അധ്യക്ഷന്‍ ആയിരുന്നു. ഒഡെപെക് ചെയര്‍മാന്‍ അഡ്വ. കെ. പി. അനില്‍ കുമാര്‍, എം.ഡി. അനൂപ് കെ. എ., ജർമന്‍ ഏജന്‍സി ഫോര്‍ സ്കില്‍ഡ് വര്‍ക്കേഴ്സ് ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് നഴ്സിങ് പ്രൊഫഷന്‍ (ഡിഫാ) എക്സിക്യൂട്ടീവ് ഡയറക്ടര്‍ തോര്‍സ്ററന്‍ കീഫര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജര്‍മന്‍ ഭാഷാ പരിശീലനവും ഒഡെപെക് തന്നെ സൗജന്യമായി നല്‍കും. ജര്‍മന്‍ ഭാഷയുടെ ബി 1 ലെവല്‍ പാസാകുന്ന നഴ്സുമാര്‍ക്ക് അസിസ്ററന്റ് നഴ്സായി ജോലി ചെയ്യുന്നതിനൊപ്പം ബി 2 ലെവല്‍ പരീക്ഷ പൂര്‍ത്തിയാക്കുന്നതിനനുസരിച്ച് റജിസ്ട്രേഡ് നഴ്സായി മാറുന്നതിനും അവസരമുണ്ട്. ഫ്രീ നഴ്സിങ് റിക്രൂട്ട്മെന്റിന്റെ വിശദാംശങ്ങള്‍ അറിയാന്‍ ഒഡെപക് കൊച്ചിയിലും കോഴിക്കോട്ടും സെമിനാറുകള്‍ നടത്തുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല