സ്വന്തം ലേഖകൻ: ജര്‍മനി നിരസിക്കപ്പെട്ട അഭയാർഥികളുടെ നാടുകടത്തല്‍ 2023 ലെ ആദ്യ ആറ് മാസങ്ങളില്‍ നാലിലൊന്ന് വര്‍ധിച്ചതായി ജർമനിയുടെ ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുള്ള ഡേറ്റ വ്യക്തമാക്കുന്നു. ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ രാജ്യത്ത് നിന്ന് 7,861 പേരെ നാടുകടത്തി. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 27% വര്‍ധന. നാടുകടത്തപ്പെട്ടവരില്‍ 1,664 പേര്‍ സ്ത്രീകളും 1,375 പേര്‍ പ്രായപൂര്‍ത്തിയാകാത്തവരുമാണ്.
കോവിഡ് സമയത്ത് നാടുകടത്തപ്പെട്ട ആളുകളുടെ എണ്ണത്തിലുണ്ടായ ഇടിവിനെ തുടര്‍ന്നാണ് വർധനവ്. സ്വമേധയാ രാജ്യം വിട്ട ആളുകളുടെ എണ്ണവും വർധിച്ചു, 4,892 പേര്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങുന്നതിന് ഫെഡറല്‍ ഫണ്ടിങ് സ്വീകരിച്ചു, 2,309 ആളുകള്‍ക്ക് സംസ്ഥാന അല്ലെങ്കില്‍ പ്രാദേശിക ധനസഹായം ലഭിച്ചു.
നിയമപ്രകാരം, അഭയാര്‍ഥി അപേക്ഷകള്‍ നിരസിക്കപ്പെട്ടവരോ വീസയോ താമസാനുമതിയോ കാലഹരണപ്പെട്ടവരോ ജർമനി വിടണം എന്നാണ് ചട്ടം. ജൂണ്‍ അവസാനത്തെ കണക്ക് പ്രകാരം, 279,098 അഭയാർഥികള്‍ ജർമനിയില്‍ താമസിക്കുന്നുണ്ട്. ജര്‍മ്മന്‍ ആഭ്യന്തര മന്ത്രി നാന്‍സി ഫൈസര്‍ നാടുകടത്തല്‍ നിയമങ്ങള്‍ കര്‍ശനമാക്കാന്‍ പദ്ധതിയിട്ടിരിക്കയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല