സ്വന്തം ലേഖകന്‍: മാര്‍ച്ചു മുതല്‍ രാജ്യത്തെത്തുന്ന അഭയാര്‍ഥികളെ ഗ്രീസിലേക്ക് നാടുകടത്തുമെന്ന് ജര്‍മനി. നേരത്തെയുള്ള ഡബ്‌ളിന്‍ കരാര്‍ അനുസരിച്ച് അഭയാര്‍ഥികള്‍ ആദ്യം പ്രവേശിക്കുന്ന രാജ്യങ്ങളായ ഗ്രീസും ഇറ്റലിയും അത് രേഖപ്പെടുത്തണമെന്നും ഈ അഭയാര്‍ഥികള്‍ അവിടെനിന്ന് യൂറോപ്യന്‍ യൂനിയനിലെ മറ്റു രാജ്യങ്ങളിലേക്ക് പ്രവേശിച്ചാല്‍ അവരെ ആദ്യം എത്തിയിടത്തേക്കുതന്നെ മടക്കി അയക്കാമെന്നും വ്യവസ്ഥയുണ്ട്.
ഈ വ്യവസ്ഥയനുസരിച്ചാണ് ജര്‍മനി അഭയാര്‍ഥികളെ മടക്കി അയക്കുന്നതെന്ന് ജര്‍മന്‍ ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു. 2015 ല്‍ ഡബ്‌ളിന്‍ കരാര്‍ അഞ്ചു വര്‍ഷത്തേക്ക് റദ്ദാക്കിയിരുന്നെങ്കിലും കരാര്‍ പുനഃസ്ഥാപിച്ചാണ് ജര്‍മനി അഭയാര്‍ഥികളെ മാര്‍ച്ച് മുതല്‍ ഗ്രീസിലേക്കുതന്നെ മടക്കി അയക്കുക. രാജ്യത്തെ മോശം അവസ്ഥയാണ് ഇതിന് കാരണമായി ജര്‍മനി ചൂണ്ടിക്കാണിക്കുന്നത്.
ജര്‍മനി അഭയാര്‍ഥിത്വ അപേക്ഷ നിരസിക്കുന്നവരെ തിരികെ സ്വീകരിക്കാന്‍ വിസമ്മതിക്കുന്ന രാജ്യങ്ങള്‍ക്കു മേല്‍ സമ്മര്‍ദം ശക്തമാക്കാനും തീരുമാനമായി. അഭയാര്‍ഥികളെ തിരികെ സ്വീകരിക്കാത്ത രാജ്യങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം നിര്‍ത്തിവയ്ക്കാനാണ് ഉദ്ദേശിക്കുന്നത്.
അഭയാര്‍ഥിത്വം നിരസിക്കപ്പെട്ടവരും അപകടകാരികളുമായവരെ കൂടുതല്‍ എളുപ്പത്തില്‍ കസ്റ്റഡിയിലെടുക്കാനും നാടുകടത്താനും സാധിക്കുന്ന വിധത്തില്‍ നിയമം ഭേദഗതി ചെയ്യും. അടിയന്തര സാഹചര്യങ്ങളില്‍ അടിസ്ഥാന പൗരാവകാശങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താതെ തന്നെ രാജ്യത്തെ ജനങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ആഭ്യന്തര മന്ത്രി തോമസ് ഡി മെയ്‌സ്യര്‍ പറഞ്ഞു.
ക്രിസ്മസ് മാര്‍ക്കറ്റിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ സുരക്ഷാ സംവിധാനം ഉടച്ചു വാര്‍ക്കാനും ജര്‍മനി തീരുമാനിച്ചു. അപകടകാരികളെന്നു കരുതുന്നവര്‍ ശിക്ഷിക്കപ്പെട്ടിട്ടില്ലെങ്കിലും കാലുകളില്‍ ഇലകട്രോണിക് ബ്രേസ്ലെറ്റ് ഘടിപ്പിക്കുന്നത് അടക്കമുള്ള സുപ്രധാന നിര്‍ദേശങ്ങള്‍ ഇതില്‍പ്പെടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല