1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 7, 2015

സ്വന്തം ലേഖകന്‍: അതിര്‍ത്തി തുറന്നതോടെ ഒറ്റ ദിവസം കൊണ്ട് ജര്‍മ്മനിയിലെ ബവേറിയയില്‍ എത്തിയത് 8000 കുടിയേറ്റക്കാര്‍. ജര്‍മനിയുടെ തെക്കന്‍സംസ്ഥാനമായ ബാവറിയയില്‍ ഇന്നലെ മാത്രം എത്തിയത് 8000 കുടിയേറ്റക്കാരാണ്. ഇതാദ്യമായാണ് ഇത്രയേറെപ്പേര്‍ ഒരുമിച്ച് എത്തുന്നത്.

ഹംഗറിയുടെ തലസ്ഥാന നഗരമായ ബുഡാപെസ്റ്റില്‍ ദിവസങ്ങളായി കുടുങ്ങിക്കിടക്കുന്ന കുടിയേറ്റക്കാരെ യാത്ര തുടരാന്‍ അനുവദിക്കാന്‍ വെള്ളിയാഴ്ച ചേര്‍ന്ന രാജ്യങ്ങള്‍ തമ്മില്‍ ധാര!ണയായിരുന്നു. ഇതേത്തുടര്‍ന്നാണ് എണ്ണായിരത്തോളം പേര്‍ ഒറ്റദിവസം മ്യൂണിക്കിലെത്തിയത്.ഇവരെ സ്വീകരിക്കാനും വിവരങ്ങള്‍ ശേഖരിക്കാനുമായി താല്‍ക്കാലിക കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. അതേസമയം കഴിഞ്ഞദിവസവും ഹംഗറിയിലേക്ക് പോകാനായി സെര്‍ബിയയിലെത്തുന്ന കുടിയേറ്റക്കാരുടെ എണ്ണത്തില്‍ കുറവൊന്നുമില്ല.

കുടിയേറ്റത്തിനുള്ള യൂറോപ്യന്‍ യൂണിയന്‍ നിയമം സിറിയന്‍ അഭയാര്‍ഥികള്‍ക്ക് ഇളവു ചെയ്ത് കഴിഞ്ഞ മാസം ജര്‍മനി എടുത്ത തീരുമാനമാണ് അഭയാര്‍ഥിപ്രവാഹം നിയന്ത്രണാതീതമായതിനു കാരണമെന്നു ഹംഗറി കുറ്റപ്പെടുത്തി. യൂറോപ്യന്‍ യൂണിയന്‍ വ്യവസ്ഥ പ്രകാരം യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് കുടിയേറണമെങ്കില്‍ ആദ്യമെത്തുന്ന രാജ്യത്ത് റജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്.

അതിനിടെ, അഭയാര്‍ഥിപ്രശ്‌നവും കുടിയേറ്റവും ചര്‍ച്ച ചെയ്യാന്‍ ലക്‌സംബര്‍ഗില്‍ ചേര്‍ന്ന യൂറോപ്യന്‍ യൂണിയന്‍ വിദേശമന്ത്രിമാരുടെ വാരാന്ത്യയോഗവും തീരുമാനമാകാതെ പിരിഞ്ഞു. യൂറോപ്പില്‍ തൊഴിലില്ലായ്മ വര്‍ധിക്കുകയും കുടിയേറ്റവിരുദ്ധപാര്‍ട്ടികള്‍ ശക്തിയാര്‍ജിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പ്രായോഗിക നടപടികളിലേക്ക് എത്തുക എളുപ്പമല്ല. കുടിയേറ്റക്കാരുടെ അപേക്ഷ സ്വീകരിക്കാനായി അടിയന്തര കേന്ദ്രങ്ങള്‍ തുറക്കണമെന്ന നിര്‍ദേശത്തിലും തീരുമാനമായില്ല.

കുടിയേറ്റക്കാരെ സ്വീകരിക്കാന്‍ ക്വോട്ട സമ്പ്രദായം ഏര്‍പ്പെടുത്തണമെന്ന ജര്‍മനിയുടെ നിര്‍ദേശത്തില്‍ അടുത്തയാഴ്ചയോടെ യൂറോപ്യന്‍ കമ്മിഷന്‍ തീരുമാനമെടുത്തേക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.