സ്വന്തം ലേഖകൻ: രാജ്യത്തെ തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനായി ജർമനി പുതിയ നയങ്ങൾ നടപ്പിലാക്കുകയാണ്. ഇതിന്റെ ഭാഗമായി, രാജ്യം ഇന്ത്യയിൽ നിന്നുള്ള വിദഗ്ധ തൊഴിലാളികളെ ആകർഷിക്കാനാണ് നോക്കുന്നത്. 2035 ഓടെ ജർമ്മനിക്ക് ഏഴ് ദശലക്ഷം തൊഴിലാളികളുടെ ആവശ്യമുണ്ട്. ഇതര തൊഴിലാളികൾക്കുള്ള യൂറോപ്യൻ യൂണിയൻ നിയമങ്ങളിലും ജർമനി ഇളവ് വരുത്തിയിട്ടുണ്ട്.
ഉയർന്ന വിദ്യാഭ്യാസം നേടിയ ഇന്ത്യൻ തൊഴിലാളികൾക്ക് ജർമനിയിലേക്ക് കുടിയേറാൻ ഇത് വഴിയൊരുക്കും എന്ന് ജർമ്മൻ തൊഴിൽ മന്ത്രി ഹുബെർട്ടസ് ഹെയ്ൽ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട്, ഇനി നടക്കാൻ പോകുന്ന ജർമ്മൻ-ഇന്ത്യൻ ഗവൺമെന്റ് കൺസൾട്ടേഷനിൽ ഇന്ത്യൻ സ്കിൽഡ് വർക്കർ സ്ട്രാറ്റജി അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബെർലിനിലെ ഫ്രീ യൂണിവേഴ്സിറ്റിക്ക് ഇന്ത്യയുമായി ദീർഘകാല ഗവേഷണവും അധ്യാപന സഹകരണവും ഉണ്ട്. 2008 മുതൽ ന്യൂഡൽഹിയിലെ അവരുടെ ലെയ്‌സൺ ഓഫീസ് ഈ സഹകരണങ്ങൾക്ക് പിന്തുണ നൽകുന്നു. സമീപ വർഷങ്ങളിൽ, യൂണിവേഴ്സിറ്റിയിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം ഗണ്യമായി വർധിച്ചു. പലരും ജർമനിയിൽ പഠിക്കുക മാത്രമല്ല, പഠനം പൂർത്തിയാക്കിയ ശേഷം ഇവിടെ ജോലി നേടുക എന്ന ലക്ഷ്യത്തോടെയാണ് എത്തുന്നതെന്ന് യൂണിവേഴ്സിറ്റി പ്രസിഡന്റ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല