സ്വന്തം ലേഖകൻ: കേരളത്തില്‍ പ്ലസ് ടു (സയന്‍സ്) പഠനത്തിനുശേഷം ജർമനിയില്‍ നഴ്സിങ് ബിരുദ കോഴ്സുകള്‍ക്കു ചേരാന്‍ വിദ്യാർഥികളെ സഹായിക്കുന്ന നോര്‍ക്ക റൂട്ട്സ് ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാമിനു തുടക്കമായി.ഇത് സംബന്ധിച്ച് നോര്‍ക്ക സെന്‍ററില്‍ നടന്ന ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ കെ. ഹരികൃഷ്ണന്‍ നമ്പൂതിരിയും, ജർമന്‍ ഫെഡറൽ എംപ്ലോയ്‌മെന്‍റ് ഏജൻസി ഇന്‍റർനാഷനൽ റിലേഷൻസ് ഡയറക്ടർ അലക്സാണ്ടർ വിൽഹെമും (Alexander Wilhelm) ഓണ്‍ലൈനായി കരാറില്‍ ഒപ്പിട്ടു.കേരളത്തില്‍ നിന്നുളള തൊഴില്‍കുടിയേറ്റത്തിലെ വലിയ വഴിത്തിരിവാണ് പ്രോഗ്രാമെന്ന് നോര്‍ക്ക റസിഡന്‍റ് വൈസ്ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
പദ്ധതിവഴി കേരളത്തില്‍ സയന്‍സ് വിഭാഗത്തില്‍ പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ വിദ്യാർഥികള്‍ക്കാണ് ജർമനിയില്‍ നഴ്സിങ് ബിരുദ പഠനത്തിനും തുടര്‍ന്ന് ജോലിക്കും അവസരം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ജർമന്‍ ഭാഷയില്‍ ബി2 വരെയുളള പരിശീലനം പൂര്‍ണ്ണമായും സൗജന്യമായിരിക്കും. രാജ്യത്ത് ആദ്യമായാണ് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനവുമായി ഇത്തരമൊരു കരാറെന്നും ഈ വര്‍ഷാവസാനത്തോടെ ആദ്യ ബാച്ചിനെ തിരഞ്ഞെടുക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹരികൃഷ്ണന്‍ നമ്പൂതിരി അഭിപ്രായപ്പെട്ടു.
കേരളത്തില്‍ നിന്നും ജർമനിയിലേയ്ക്കുളള നഴ്സിങ് റിക്രൂട്ട്മെന്‍റ് പദ്ധതിയായ ട്രിപ്പിള്‍ വിൻ മാതൃകയില്‍ നോർക്ക റൂട്ട്സും ജർമ്മൻ ഫെഡറൽ എംപ്ലോയ്മെന്‍റ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇന്‍റർനാഷനൽ കോ-ഓപ്പറേഷനും സംയുക്തമായാണ് ട്രെയിനി പ്രോഗ്രാമും സംഘടിപ്പിക്കുന്നത്. ഈ പദ്ധതിയിലൂടെ തികച്ചും സൗജന്യമായി ജർമനിയിൽ പഠിക്കാൻ അവസരം ലഭ്യമാകും. കൂടാതെ പഠന കാലയളവിൽ (3 വർഷം ) 900 മുതൽ 1300 യുറോ വരെ പ്രതിഫലവും ലഭിക്കാൻ അവസരമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല