1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 17, 2024

സ്വന്തം ലേഖകൻ: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സിന്റെ ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ ഭാഗമായി ജര്‍മനിയില്‍ കെയര്‍ ഹോമുകളില്‍ നഴ്സുമാര്‍ക്ക് അവസരങ്ങളുമായി സംഘടിപ്പിക്കുന്ന സ്പെഷല്‍ റിക്രൂട്ട്മെന്റിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. നഴ്സിങ്ങിൽ ബിഎസ്‍സി അല്ലെങ്കിൽ പോസ്റ്റ് ബിഎസ്‍സി വിദ്യാഭ്യാസ യോഗ്യത അല്ലെങ്കില്‍ ജിഎൻഎം യോഗ്യതയ്ക്കു ശേഷം രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം.

വയോജന പരിചരണം/ പാലിയേറ്റീവ് കെയർ/ ജറിയാട്രിക് എന്നിവയിൽ രണ്ട് വർഷം പ്രവൃത്തി പരിചയമുള്ളവര്‍ക്കും ജർമൻ ഭാഷയില്‍ ബി1, ബി2 യോഗ്യതയുളള ഉദ്യോഗാർഥികൾക്കും (ഫാസ്റ്റ് ട്രാക്ക്) മുന്‍ഗണന ലഭിക്കും. പ്രായപരിധി 38 വയസ്സ്. താല്‍പര്യമുളളവര്‍ triplewin.norka@kerala.gov.in എന്ന ഇ-മെയില്‍ ഐഡിയിലേയ്ക്ക് വിശദമായ സിവി, ജര്‍മന്‍ ഭാഷായോഗ്യത (ഓപ്ഷനല്‍), വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍, പ്രവൃത്തി പരിചയമുള്‍പ്പെടെയുളള മറ്റ് അവശ്യരേഖകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം 2024 ഒക്ടോബര്‍ പത്തിനകം അപേക്ഷ നല്‍കേണ്ടതാണെന്ന് നോര്‍ക്ക റൂട്ട്സ് സിഇഒ അജിത് കോളശ്ശേരി അറിയിച്ചു.

ഒൻപത് മാസം നീളുന്ന സൗജന്യ ജര്‍മന്‍ ഭാഷ പരിശീലനത്തില്‍ (ഓഫ് ലൈന്‍) പങ്കെടുക്കാന്‍ സന്നദ്ധതയുളളവരുമാകണം അപേക്ഷകര്‍. ഇതിനായുളള അഭിമുഖം 2024 നവംബര്‍ 13 മുതല്‍ 22 വരെ നടക്കും. കഴിഞ്ഞ ആറ് മാസമായി തുടർച്ചയായി ഇന്ത്യയിൽ താമസിക്കുന്ന കേരളീയരായ ഉദ്യോഗാർഥികൾക്ക് മാത്രമാകും ട്രിപ്പിള്‍ വിന്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാൻ സാധിക്കുക.

നഴ്സിങ് അസിസ്റ്റന്റ് തസ്തികയില്‍ കുറഞ്ഞത് 2300 യൂറോയും റജിസ്റ്റേഡ് നഴ്സ് അംഗീകാരത്തിന് ശേഷം 2800 യൂറോയുമാണ് (ഓവർടൈം അലവൻസുകൾ ഒഴികെ) കുറഞ്ഞ ശമ്പളം. ആദ്യ ശ്രമത്തിൽ എ2 അല്ലെങ്കിൽ ബി1 പരീക്ഷയിൽ വിജയിക്കുന്നവര്‍ക്കും ഇതിനോടകം ബി1 യോഗ്യതയുളളവര്‍ക്കും 250 യൂറോ ബോണസിനും അര്‍ഹതയുണ്ടാകും.

നോർക്ക റൂട്ട്സും ജർമൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയും ജർമൻ ഏജൻസി ഫോർ ഇന്റർനാഷനൽ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന നഴ്സുമാരുടെ റിക്രൂട്ട്മെന്റ് പദ്ധതിയാണ് ട്രിപ്പിള്‍ വിന്‍. ഭാഷ പരിശീലനത്തോടൊപ്പം പ്ലേസ്മെന്റ്, നഴ്സിങ് റജിസ്ട്രേഷന്‍, വീസ ഉള്‍പ്പെടെയുളള യാത്രാരേഖകള്‍ ലഭ്യമാക്കുന്നതിലും സമഗ്രമായ സഹായം പദ്ധതി വഴി ലഭിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്സൈറ്റുകള്‍ സന്ദർശിക്കുക. അല്ലെങ്കില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സര്‍വീസ്) ബന്ധപ്പെടാവുന്നതാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.