സ്വന്തം ലേഖകന്‍: ജര്‍മ്മനിയില്‍ അഭയാര്‍ഥി കേന്ദ്രങ്ങള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. നിരവധി അഭയാര്‍ഥി കേന്ദ്രങ്ങളാണ് ജര്‍മ്മനിയില്‍ അടുത്തിടെ അഗ്‌നിക്കിരയായത്. രാജ്യത്ത് യുവജനങ്ങള്‍ക്കിടയില്‍ വളര്‍ന്നു വരുന്ന കുടിയേറ്റ വിരുദ്ധ മനോഭാവത്തിന്റെ സൂചനയായാണ് ഇത്തരം സംഭവങ്ങളെ നിരീക്ഷകര്‍ കാണുന്നത്.
ഈ വര്‍ഷം മാത്രം 45 തവണയാണ് വിവിധ അഭയാര്‍ഥി കേന്ദ്രങ്ങള്‍ തീവെപ്പിനിരയായതെന്ന് പൊലീസ് മേധാവി ഹോല്‍ഗെര്‍ മെഞ്ച് പറഞ്ഞു. ഇത്തരം അക്രമങ്ങളുടെ അളവിലുണ്ടായ വര്‍ധനയാണ് ഏറ്റവും അസ്വസ്ഥപ്പെടുത്തുന്നത്. തീവെപ്പുകാരില്‍ 80 ശതമാനം പേരും അഭയാര്‍ഥി കേന്ദ്രങ്ങളുടെ തൊട്ടടുത്തുതന്നെ താമസിക്കുന്നവരാണെന്നും അദ്ദേഹം വ്യക്തമാക്കി.
വിവിധ കുറ്റകൃത്യങ്ങള്‍ക്കും തീവ്രവാദ സംഘങ്ങളുടെ ഉദ്ഭവത്തിനു പോലും അഭയാര്‍ഥി വിരുദ്ധ വികാരം ഇടയാക്കിയേക്കാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഫെഡറല്‍ പൊലീസ് നല്‍കുന്ന കണക്കുകള്‍ പ്രകാരം 2015 ല്‍ അഭയാര്‍ഥി കേന്ദ്രങ്ങള്‍ക്കു നേരെ 92 തീവെപ്പു സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
2014 ല്‍ വെറും ആറു സംഭവങ്ങള്‍ നടന്ന സ്ഥാനത്താണിത്. അഭയാര്‍ഥികളോട് തുറന്നവാതില്‍ നയം സ്വീകരിച്ച ജര്‍മനിയില്‍ സമീപ കാലത്താണ് പ്രശ്‌നങ്ങള്‍ വഷളായിത്തുടങ്ങിയത്. യൂറോപ്യന്‍ യൂണിയന്റെ കരാറിന്റെ ഭാഗമായി രാജ്യത്തേക്ക് അഭയാര്‍ഥി പ്രവാഹം തുടങ്ങിയതോടെ ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കലും വിമര്‍ശനങ്ങളുടെ നടുവിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല