ഗ്രീസ്,അയര്‍ലണ്ട്,പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങളിലെ സാമ്പത്തിക തകര്‍ച്ച മൂലം യൂറോപ്യന്‍ യൂണിയന്റെയും അതിന്റെ ഏകീകൃത കറന്‍സിയായ യൂറോയുടെയും നിലനില്‍പ്പ് പരുങ്ങലിലായതിനെ തുടര്‍ന്ന് ജര്‍മനി സ്വന്തം കറന്‍സിയായിരുന്ന മാര്‍ക്ക് അച്ചടിക്കാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്.ജര്‍മനിയുടെ സെന്‍ട്രല്‍ ബാങ്കായ ബന്ടെഴ്സ് ബാങ്കാണ് മുന്‍കരുതലെന്ന നിലയില്‍ സ്വന്തം നോട്ടടിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.ഇതോടെ യൂറോപ്യന്‍ യൂണിയന്‍ രാഷ്ട്രങ്ങള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസം കൂടുതല്‍ രൂക്ഷമായി.യൂണിയനിലെ ഏറ്റവും ശക്തമായ സാമ്പത്തിക അടിത്തറയുള്ള രാജ്യമാണ് ജര്‍മനി.
1999 – ല്‍ യൂറോ കറന്‍സി സിസ്റ്റം നടപ്പിലാക്കുന്നതു വരെ ലോകത്തിലെ ഏറ്റവും കരുത്താര്‍ന്ന സ്ഥിരതയുള്ള കറന്‍സിയായിയിരുന്നു ജര്‍മന്‍ മാര്‍ക്ക്.ലോക മഹായുദ്ധത്തിനു ശേഷമുള്ള ജര്‍മനിയുടെ സമ്പത്തിന്‍റെയും ആഡ്യത്വത്തിന്‍റെയും പ്രതീകമായിരുന്നു അമേരിക്കന്‍ ഡോളര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ നിക്ഷേപകര്‍ ഇഷ്ടപ്പെട്ടിരുന്ന മാര്‍ക്ക്.യൂറോപ്യന്‍ യൂണിയന്‍ പൊതു കറന്‍സിയായ യൂറോയിലേക്ക് മാറാന്‍ പലരും ആദ്യകാലങ്ങളില്‍ ഇഷ്ട്ടപ്പെട്ടിരുന്നില്ല.
അതിനിടെ കഴിഞ്ഞ ദിവസം ജര്‍മന്‍ പത്രമായ Frankfurter Allgemeine നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ പങ്കെടുത്ത 71 ശതമാനം ആളുകളും യൂറോയില്‍ വിശ്വാസമില്ലെന്നും അതിന് ഭാവിയില്ലെന്നുമാണ് അഭിപ്രായപ്പെട്ടത്.ഗ്രീസിനു വേണ്ടി മുടക്കുന്ന പണം വെള്ളത്തിലാവുമെന്നായിരുന്നു ഭൂരിപക്ഷവും അഭിപ്രായപ്പെട്ടത്.പകുതിയില്‍ കൂടുതല്‍ ആളുകളും ഗ്രീസിനെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്താക്കണമെന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചത്.
ഇതോടെ ജര്‍മന്‍ ചാന്‍സലര്‍ എയ്ഞ്ചല മേര്‍ക്കെല്‍ തന്റെ ഭരണകാലത്തെ ഏറ്റവും വലിയ പ്രതിസന്ധിയെ നേരിടുകയാണ്.ബ്രിട്ടന്‍ അടക്കമുള്ള രാജ്യങ്ങള്‍ ഗ്രീസിന് ഇനിയും സഹായം കൊടുക്കുന്നതിനു എതിരാണ് .ഭൂരിപക്ഷം ജര്‍മന്‍കാരും ഇനിയും ഗ്രീസിനെ സഹായിക്കുന്നതിന് എതിരാണ്.ഈ സാഹചര്യത്തില്‍ ഗ്രീസിനെ സഹായിക്കുന്നതിനായി വാദിച്ചാല്‍ തന്‍റെ സര്‍ക്കാരിന്റെ ഭാവി തന്നെ അപകടത്തില്‍ ആയേക്കുമെന്ന ആശങ്ക ചാന്‍സലര്‍ക്കുണ്ട്.അവസരം മുതലാക്കി ഭരണകക്ഷിക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് പ്രതിപക്ഷ കക്ഷികള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല