സ്വന്തം ലേഖകന്‍: ജര്‍മനിയില്‍ നഴ്‌സുമാരുടെ ക്ഷാമം രൂക്ഷം; അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ 50,000 വിദേശ നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാന്‍ ജര്‍മന്‍ ആരോഗ്യ മന്ത്രാലയം. ജര്‍മന്‍ തൊഴില്‍ വകുപ്പും വിദേശകാര്യ വകുപ്പും സഹകരിച്ചായിരിക്കും റിക്രൂട്ട്‌മെന്റ് നടത്തുകയെന്ന് ജര്‍മന്‍ ആരോഗ്യമന്ത്രി ജെന്‍സ് സ്ഫാന്‍ അറിയിച്ചു.
നിലവില്‍ 35,000 തസ്തികകള്‍ ഒഴിഞ്ഞുകിടപ്പുണ്ടെന്നും മുന്‍കാലങ്ങളെ അപേക്ഷിച്ച് ജര്‍മനിയില്‍ നഴ്‌സുമാരുടെ തൊഴില്‍ സാധ്യതകള്‍ ഏറിവരികയാണെന്നും മന്ത്രി പറഞ്ഞു. വിദേശ നഴ്‌സുമാരുടെ നിയമന വ്യവ്സ്ഥകള്‍ കഴിഞ്ഞ ജനുവരിയില്‍ ജര്‍മനി ഉദാരമാക്കിയതിനെ തുടര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ നിരനധി ഇന്ത്യക്കാര്‍ക്ക് ജോലി ലഭിച്ചിരുന്നു.
എന്നാല്‍ കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള നഴ്‌സുമാര്‍ക്കായിരിക്കും ഇത്തവണ മുന്‍ഗണനയെന്നും മന്ത്രി പറഞ്ഞു. 2019 ജനുവരി മുതല്‍ നഴ്‌സുമാര്‍ക്ക് ശമ്പളത്തിലും മറ്റാനുകൂല്യങ്ങളിലും വര്‍ധനയുണ്ടാകുമെന്നും മന്ത്രി സൂചന നല്‍കി. നഴ്‌സിംഗ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ജര്‍മന്‍ ഭാഷാ ലെവല്‍ ബി ടു പാസായവര്‍ ഇന്ത്യയിലെ ജര്‍മന്‍ എംബസിയെയോ കോണ്‍സുലേറ്റിനെയോയാണ് രേഖകള്‍ക്കായി സമീപിക്കേണ്ടത്. ഇതിനായി സ്വകാര്യ ഏജന്‍സികളെ ആരേയും ജര്‍മന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല