സ്വന്തം ലേഖകന്‍: സൗന്ദര്യ പിണക്കങ്ങള്‍ നീക്കി വ്യാപാര രംഗത്ത് കൈകോര്‍ക്കാന്‍ ജര്‍മനിയും യുഎസും, ട്രംപ്, ആംഗല മെര്‍ക്കല്‍ കൂടിക്കാഴ്ച വൈറ്റ് ഹൗസില്‍ തുടങ്ങി. ചൊവ്വാഴ്ച പ്രതികൂല കാലാവസ്ഥ മൂലം മാറ്റിവെച്ച ട്രംപും ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലുമായുള്ള കൂടിക്കാഴ്ച വൈകിയാണ് തുടങ്ങിയത്. വെള്ളിയാഴ്ച രാവിലെ വാഷിങ്ടനിലെത്തിയ മെര്‍ക്കലിനെയും ഉന്നത സംഘത്തെയും ട്രംപ് ഭരണകൂടത്തിന്റെ ഉന്നതര്‍ ചേര്‍ന്ന് സ്വീകരിച്ചു.
ജര്‍മനിയുമായുള്ള വ്യാപാര രംഗത്തെ സഹകരണം ഇനിയും മെച്ചപ്പെടുത്തുമെന്ന് ട്രംപ് വ്യക്തമാക്കി. ആംഗല മെര്‍ക്കലുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഇരു നേതാക്കളും സംയുക്തമായി വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഇരു നേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാണ് നടന്നത്. രണ്ടു വര്‍ഷത്തിനിടെ ആദ്യമായാണ് ജര്‍മന്‍ ചാന്‍സലര്‍ വൈറ്റ്ഹൗസ് സന്ദര്‍ശിക്കുന്നത്.
വ്യാപാര സുരക്ഷാമേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുന്നതു സംബന്ധിച്ച കാര്യങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്തതെന്ന് ഇരു നേതാക്കളും വ്യക്തമാക്കി. ജര്‍മനിയെ പരാജയപ്പെടുത്തുകയോ ജര്‍മനിയോട് മത്സരിക്കുകയോ അല്ല അമേരിക്കയുടെ ലക്ഷ്യമെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാറുകളിലടക്കം കൂടുതല്‍ നിഷ്പക്ഷതയും വ്യക്തതയും ഉറപ്പുവരുത്താനാണ് അമേരിക്ക ശ്രമിക്കുന്നതെന്നും ട്രംപ് പറഞ്ഞു. അമേരിക്കയുമായി സഹകരിച്ചു പോകുന്ന മറ്റ് രാജ്യങ്ങളോട് സ്വീകരിക്കുന്ന അതേനിലപാട് തന്നെയാണ് ജര്‍മനിയോടുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ജര്‍മനിയായിട്ടുള്ള വാണിജ്യ കരാര്‍, നാറ്റോ സഖ്യം, ജി–20 സമ്മേളനം, ജര്‍മന്‍ കാര്‍ നിര്‍മ്മാണ കമ്പനികളുടെ യുഎസിലെ ഭാവി എന്നീ പ്രമുഖ വിഷയങ്ങള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്തതായാണ് വിവരം.
മുന്‍ യുഎസ് പ്രസിഡന്റുമാരായ ജോര്‍ജ്ബുഷ്, ബറാക് ഒബാമ എന്നിവരുമായി മെര്‍ക്കല്‍ നല്ല ധാരണയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ മെര്‍ക്കലിന്റെ തുറന്ന വാതില്‍ അഭയാര്‍ത്ഥി നയത്തിന്റെ കടുത്ത വിമര്‍ശകനാണ് ട്രംപ്. തിരിച്ച് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ, വംശീയതാ നയങ്ങളെ മെര്‍ക്കല്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല