സ്വന്തം ലേഖകന്‍: ക്രിസ്ത്യാനികള്‍ ഹിന്ദുമതം സ്വീകരിക്കുമ്പോള്‍ പൂര്‍വിക ജാതിയും ആനുകൂല്യങ്ങളും മടക്കി കൊടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ കെസിബിസി. കോടതി വിധി ഘര്‍വാപസിക്ക് പ്രോത്സാഹനമാകുമെന്നും മതത്തിന്റെ പേരിലുള്ള വിവേചനത്തിന് ആക്കം കൂട്ടുമെന്നും കെസിബിസി വ്യക്തമാക്കി.
ക്രിസ്തുമതം സ്വീകരിച്ചതിന്റെ പേരില്‍ നിഷേധിച്ചിരുന്ന ആനുകൂല്യങ്ങള്‍ മതം മാറി ഹിന്ദുമതം സ്വീകരിച്ചതിന്റെ പേരില്‍ അനുവദിക്കുന്നത് ക്രിസ്തുമത വിശ്വാസികളോട് കാട്ടുന്ന അനീതിയും ഹിന്ദുമത വിശ്വാസികള്‍ക്ക് നല്‍കുന്ന പ്രത്യേക പരിഗണനയുമാണ്.
ക്രിസ്തുമതത്തില്‍ ജനിച്ച വ്യക്തികള്‍ക്ക് ജാതിയില്ല എന്ന നിലപാട് സ്വീകരിക്കുന്ന കോടതി ഹിന്ദുമതം സ്വീകരിച്ചതിന്റെ പേരില്‍ എങ്ങനെയാണ് ജാതിയുടെ പേരിലുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നത് എന്ന് വ്യക്തമല്ല.
ക്രിസ്ത്യാനി ആയിരിക്കെ ഇല്ലാത്ത ജാതി ഹിന്ദുമതം സ്വീകരിക്കുമ്പോള്‍ കല്‍പ്പിച്ച് നല്‍കുന്ന കോടതിയുടെ നിലപാട്, ഘര്‍വാപ്പസിയെ പ്രോത്സാഹിപ്പിക്കാനുള്ള നിയമത്തിന്റെ ദുരുപയോഗവും ന്യൂനപക്ഷ സമുദായങ്ങളോട് കാട്ടുന്ന കടുത്ത അനീതിയുമായി കരുതേണ്ടി വരുന്നു. ഇത് സമൂഹത്തില്‍ ജാതിമത സ്പര്‍ദ്ധ വളര്‍ത്തുകയും സമാധാന ജീവിതത്തിന് ഭീഷണിയാവുകയും ചെയ്യുമെന്ന് കെസിബിസി മുന്നറിയിപ്പ് നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല