സ്വന്തം ലേഖകന്‍: ബ്രസീല്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയില്‍ പ്രേതശല്യം, പ്രസിഡന്റ് ജീവനും കൊണ്ടോടി. ബ്രസീലിയന്‍ പ്രസിഡന്റായ മിഷൈല്‍ ടിമ്മറാണ് പ്രേതശല്യത്തെത്തുടര്‍ന്ന് ഔദ്യോഗിക വസതിയായ അല്‍വരോഡ കൊട്ടാരത്തില്‍ നിന്നും താമസം മാറിയത്. കഴിഞ്ഞ ദിവസമാണ് ഭാര്യയേയും കുട്ടികളെയും കൂട്ടി മിഷൈല്‍ ടിമ്മര്‍ സ്ഥലം വിട്ടത്. പ്രേതശല്യം കാരണം തനിക്കും ഭാര്യക്കും ദിവസങ്ങളായി ഉറക്കം പോലും നഷ്ടപ്പെട്ടതായി ടിമ്മര്‍ പറയുന്നു.
തലസ്ഥാനത്തെ അല്‍വരോഡ എന്ന കൊട്ടാരത്തിലായിരുന്നു പ്രസിഡന്റും ഭാര്യയും ഏഴുവയസ്സുകാരനായ കുട്ടിയും താമസിച്ചിരുന്നത്. വൈസ് പ്രസിഡന്റുമാരുടെ വസതിയിലേയ്ക്കാണ് പ്രസിഡന്റ് വാസം മാറ്റിറ്റതെന്നാണ് റിപ്പോര്‍ട്ടുകള്‍. അല്‍വരോഡയില്‍ താമസിക്കുമ്പോള്‍ അസ്വാഭാവികമായി പലതും അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് വീടുമാറ്റമെന്ന് ബ്രസീലിയന്‍ ന്യൂസ് വീക്കിലി റിപ്പോര്‍ട്ട് ചെയ്യുന്നു.
ആരാധനാലയം, നീന്തല്‍ക്കുളം, ഫുട്‌ബോള്‍ മൈതാനം, ആരോഗ്യകേന്ദ്രം, പൂന്തോട്ടം തുടങ്ങി എല്ലാ സൗകര്യങ്ങളുമടങ്ങിയതാണ് പ്രസിഡണ്ടിന്റെ ഔദ്യോഗികവസതി. ബ്രസീലിയന്‍ ആര്‍ക്കിടെക്റ്റ് ഓസ്‌കാര്‍ നെയ്മറാണ് അല്‍വരോഡ വസതി രൂപകല്പനചെയ്തത്. കൊട്ടാരത്തില്‍ പ്രേതബാധ സംശയിക്കാവുന്ന പലതും പ്രസിഡന്റും ഭാര്യയും അനുഭവിച്ചുവെന്ന് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സുന്ദരിപ്പട്ടം നേടിയിട്ടുള്ള ഭാര്യ മാര്‍കെല, വസതിയിലെ ബാധ ഒഴിപ്പിക്കാന്‍ ഒരു പുരോഹിതനെ കൊണ്ടുവന്നെന്നും വാര്‍ത്തയുണ്ടായിരുന്നു.
തനിയെ നീങ്ങിക്കൊണ്ടിരിക്കുന്ന വീട്ടുപകരണങ്ങളെയും തനിയെ പ്രകാശിക്കുന്ന വിളക്കുകളെയും ഇനിയും കണ്ടില്ലെന്നു നടിച്ച് ഇവിടെ താമസിക്കാനാവില്ലെന്ന് ടിമര്‍ പറഞ്ഞതായി വെജ എന്ന പത്രം റിപ്പോര്‍ട്ട് ചെയ്തു. ടിമറിന്റെ അനുയായികള്‍തന്നെ സര്‍ക്കാരിനെതിരെ ഗുരുതരമായ അഴിമതിയാരോപണങ്ങളുമായി രംഗത്തുവന്ന സമയത്താണ് പ്രസിഡന്റിന്റെ വീടുമാറ്റമെന്നതും ശ്രദ്ധേയമാണ്. അഴിമതി ആരോപണത്തെ തുടര്‍ന്ന് മുന്‍ പ്രസിഡന്റ് ദില്‍മ റൂസഫിനെ ഇംപീച്ച്‌മെന്റ് ചെയ്തതിനെ തുടര്‍ന്നാണ് ടിമര്‍ പ്രസിഡന്റായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല